ഖത്തറില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങും; ഹമാസ് നേതാക്കളെ തീര്‍ക്കും... ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ദുബായ്: ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഗാസയിലെ ആക്രമണം നിര്‍ത്തിയാല്‍ അടുത്ത ലക്ഷ്യം ഹമാസിന്റെ മുതിര്‍ന്ന നേതാക്കളാകും. വിദേശരാജ്യങ്ങൡ കഴിയുന്ന ഇവരെ ഇല്ലാതാക്കിയാല്‍ ഹമാസിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.
ഹമാസിന്റെ നേതാക്കളെ ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിന് ഇസ്രായേല്‍ ചാരസംഘനയായ മൊസാദിന് നെതന്യാഹു രഹസ്യ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കിയിലും ലബ്‌നാനിലും ഖത്തറിലുമാണ് ഹമാസിന്റെ മുതിര്‍ന്ന മിക്ക നേതാക്കളും. ഇവരെ ഇല്ലാതാക്കാന്‍ രഹസ്യമായി ഈ രാജ്യങ്ങൡലെത്തി ദൗത്യം പൂര്‍ത്തിയാക്കാനാണ് നീക്കം.

ഹമാസിന് വിദേശത്ത് ഓഫീസുള്ള രാജ്യമാണ് ഖത്തര്‍. 2012ലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് ദോഹയില്‍ തുറന്നത്. അവരുമായി ചര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് ഓഫീസ് തുറന്നതെന്ന് ഖത്തര്‍ ഉദ്യോഗസ്ഥര്‍ അടുത്തിടെ എഎഫ്പിയോട് പറഞ്ഞിരുന്നു. നിലവില്‍ യുദ്ധം നിര്‍ത്താന്‍ മധ്യസ്ഥ ശ്രമം നടത്തുന്നത് ഖത്തറാണ്.
ഹമാസിന്റെ പല നേതാക്കളെയും വിദേശരാജ്യങ്ങളില്‍ വച്ച് മൊസാദ് വധിക്കാന്‍ ശ്രമിച്ചിരുന്നു. ദുബായില്‍ മബ്ഹൂഹ് അല്‍ മബ്ഹൂഹിനെ വധിച്ചത് മൊസാദ് ആണെന്ന് യുഎഇ പോലീസ് തെളിയിച്ചിരുന്നു. വിദേശരാജ്യങ്ങളുടെ വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയ മൊസാദ് ചാരന്മാരാണ് മബ്ഹൂഹിനെ കൊലപ്പെടുത്തിയത്. ഹമാസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് ഖാലിദ് മിശ്അലിനെ 1997ല്‍ വധിക്കാന്‍ ശ്രമിച്ചത് ജോര്‍ദാനില്‍ വച്ചായിരുന്നു.
മൊസാദിന്റെ ശ്രമം ജോര്‍ദാന്‍ പോലീസ് പൊളിച്ചു. വിഷവാതകം ചെവിയില്‍ അടിച്ചത് കാരണം ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ മിശ്അലിന് മറുമരുന്ന് ഇസ്രായേലില്‍ നിന്ന് തന്നെ എത്തിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ പരിഹാരത്തിന് ഇടപെട്ടു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി നിരവധി പലസ്തീന്‍ നേതാക്കളെ ഇസ്രായേല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കേണ്ടിയും വന്നു.
അതേസമയം, ഹമാസിന്റെ നേതാക്കളെ ഇല്ലാതാക്കാന്‍ നോക്കുന്നത് മേഖലയില്‍ യുദ്ധം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് മൊസാദ് മുന്‍ ഡയറക്ടര്‍ എഫ്രെയിം ഹാലവി അഭിപ്രായപ്പെട്ടുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളായ ഇസ്മാഈല്‍ ഹനിയ്യ, ഖാലിദ് മിശ്അല്‍, യഹ്‌യ സിന്‍വാര്‍ എന്നിവരടക്കമുള്ളവരെയാണ് മൊസാദ് ലക്ഷ്യമിടുന്നതെന്നും വാര്‍ത്തയിലുണ്ട്.
60കാരനായ ഹനിയ്യ പലസ്തീന്റെ മുന്‍ പ്രധാനമന്ത്രിയാണ്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയായി 2017ല്‍ തിരഞ്ഞെടുത്ത ഇദ്ദേഹത്തെ വിഷം കലര്‍ന്ന കത്ത് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നു. ഖത്തറിലും തുര്‍ക്കിയിലുമായിട്ടാണ് ഇദ്ദേഹം കഴിയുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ ബ്രിഗേഡിന്റെ മേധാവി മുഹമ്മദ് ദെയ്ഫും മൊസാദിന്റെ ലിസ്റ്റിലുണ്ട്. 61കാരനായ സിന്‍വാര്‍ മുന്‍ സൈനിക കമാന്ററാണ്. 23 വര്‍ഷം ഇസ്രായേലിലെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications