ബൈഡൻ അധികാരത്തിലേക്ക്: ഇന്ത്യ- യുഎസ്, പാക്- യുഎസ് ബന്ധങ്ങൾക്ക് സംഭവിക്കും, വെളിപ്പെടുത്തി പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് അരങ്ങൊഴിയുന്നതിന് പിന്നാലെ ജോ ബൈഡൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനേറെയുണ്ട്. യുഎസിൽ അധികാരത്തിലേറാനിരിക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയുമായുള്ള യുഎസിന്റെ പ്രതിരോധ പങ്കാളിത്തം ഉയർത്തുകയെന്നതാണ് പുറത്തുവരുന്ന വിവരം. പ്രതിരോധ സെക്രട്ടറി നോമിനി നിയമനിർമാതാക്കളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
അധികാരത്തിന്റെ അവസാന മണിക്കൂറിലും ജോലിത്തിരക്കില് മുഴുകി ട്രംപ്;140 ദയാഹര്ജികള് അംഗീകരിച്ചു

പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കും
ഇന്ത്യയുമായുള്ള ഞങ്ങളുടെ പ്രതിരോധ ബന്ധത്തിന്റെ പ്രധാന ലക്ഷ്യം പങ്കാളിത്തം ഉയർത്തിക്കൊണ്ടുവരുന്നത് തുടരുകയാണ്, മുൻ ജനറൽ ലോയ്ഡ് ഓസ്റ്റിൻ ചൊവ്വാഴ്ചയാണ് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞത്. സർവീസിൽ വിരമിച്ചെങ്കിലും ലോയ്ഡിനെ ജോ ബൈഡൻ പ്രതിരോധ സെക്രട്ടറിയായി നാമനിർദേശം ചെയ്തതോടെ വീണ്ടും ഭരണകൂടത്തിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി ഞാൻ കൂടുതൽ പ്രാവർത്തികമാക്കുകയും ഇരു രാജ്യങ്ങളുടേയും താൽപ്പര്യങ്ങൾ പരിഹരിക്കുന്നതിന് യുഎസിനും ഇന്ത്യൻ സൈനികർക്കും സഹകരിക്കാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിലവിലുള്ള ശക്തമായ പ്രതിരോധ സഹകരണം വളർത്തിയെടുക്കുകയും ചെയ്യുമെന്നും ഓസ്റ്റിൻ മറുപടി നൽകിയിട്ടുണ്ട്.

പ്രതിരോധ സഹകരണം
ക്വാഡ് സുരക്ഷാ സംഭാഷണത്തിലൂടെയും മറ്റ് പ്രാദേശിക ബഹുരാഷ്ട്ര ഇടപെടലുകളിലൂടെയും ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ വിപുലമാക്കാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിവന്ന സമാധാന പ്രക്രിയയെ പിന്തുണച്ച് അമേരിക്കയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പാകിസ്താൻ ക്രിയാത്മക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് തന്റെ ധാരണയെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു. ഈ പുരോഗതി അപൂർണ്ണമാണെങ്കിലും ഇന്ത്യൻ വിരുദ്ധ ഭീകരസംഘടനകളായ ലഷ്കർ-ഇ-ത്വയ്‌ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവക്കെതിരെയും പാകിസ്ഥാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പകരംവീട്ടുമോ?
വർഷങ്ങളായി നൽകിവന്നിരുന്ന സുരക്ഷാ സഹായം താൽക്കാലികമായി നിർത്തിവച്ചതിനു പുറമേ പല ഘടകങ്ങളും പാകിസ്താന്റെ സഹകരണത്തെ ബാധിച്ചേക്കാം. അഫ്ഗാനിസ്ഥാനിൽ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളും പുൽവാമ ഭീകരാക്രമണത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളും ഓസ്റ്റിൻ ഓർമിപ്പിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്താനിൽ നിന്നുള്ള സഹകരണത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2018 ൽ പാകിസ്താനിലേക്കുള്ള എല്ലാ സാമ്പത്തിക, സുരക്ഷാ സഹായങ്ങളും താൽക്കാലികമായി നിർത്തിവച്ചത്.

ഭീകരവാദത്തിന് തടയിടും
ഓസ്റ്റിൻ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമായാൽ തീവ്രവാദികൾക്കും അക്രമ തീവ്രവാദ സംഘടനകൾക്കുമുള്ള സങ്കേതമായി പാകിസ്താനെ ഉപയോഗിക്കുന്നത് തടയാൻ പാകിസ്താന് തന്നെ സമ്മർദ്ദമുണ്ടാകുമെന്ന് ഓസ്റ്റിൻ പറഞ്ഞു. പാക് സൈന്യവുമായി ബന്ധം വളർത്തിയെടുക്കുന്നത് അമേരിക്കയ്ക്കും പാകിസ്താനും പ്രധാന വിഷയങ്ങളിൽ സഹകരിക്കാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനെ കൈകാര്യം ചെയ്യാൻ
ഭാവിയിലെ പാകിസ്താൻ സൈനിക തലവന്മാരെ അന്താരാഷ്ട്ര സൈനിക വിദ്യാഭ്യാസത്തിലൂടെയും പരിശീലന ഫണ്ടുകളിലൂടെയും പരിശീലിപ്പിക്കുന്നതുൾപ്പെടെയുള്ള താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഓസ്റ്റിൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഏത് രാഷ്ട്രീയ ഒത്തുതീർപ്പിലും പാകിസ്താൻ ഒരു പ്രധാന പങ്ക് വഹിക്കും. അൽ-ഖ്വയ്ദയെയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയെയും (ഐസിസ്-കെ) പരാജയപ്പെടുത്താനും പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കാനും പാകിസ്താനുമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമധാനം പുനസ്ഥാപിക്കാൻ
അഫ്ഗാനിസ്ഥാനിലെ ഏത് സമാധാന പ്രക്രിയയിലും പാകിസ്താൻ ഒരു അനിവാര്യ പങ്കാളിയാണെന്ന് നിരീക്ഷിച്ച ഓസ്റ്റിൻ, ഇപ്പോൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ സംഭവിച്ചാൽ പാകിസ്താനെപ്പോലുള്ള അയൽരാജ്യങ്ങളിൽ നിന്ന് പിന്തുണ നേടുന്നത് ഒരു പ്രാദേശിക സമീപനത്തെ പ്രോത്സാഹിപ്പിക്കുമെന്നും പ്രാദേശിക നേതാക്കളെ അഫ്ഗാനിസ്ഥാൻ സമാധാന പ്രക്രിയയിൽ ഇടഞ്ഞു നിൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും പറഞ്ഞു.