ഫേസ്ബുക്ക് പോസ്റ്റ്, ഫുട്‌ബോള്‍ ആരാധകര്‍ മാധ്യമപ്രവര്‍ത്തകനെ അടിച്ചു കൊന്നു
അസര്‍ബൈജാന്‍: ഫുട്‌ബോള്‍ താരത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഫുട്‌ബോള്‍ ആരാധകര്‍ അടിച്ചു കൊന്നു. യൂറോപ്പിലെ അസര്‍ബൈജാന്‍ എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. റാസിം അലിയേവ് എന്ന മാധ്യപ്രവര്‍ത്തകനെയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കിയത്.
ചികിത്സക്കിടെയാണ് റാസിം മരണപ്പെട്ടത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നു. ഇതാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസര്‍ബൈജാനിലെ ക്ലബ് ഗബാല എഫ്‌കെയുടെ താരമായ ജാവേദ് ഹുസെനോവിനെയാണ് റാസിം വിമര്‍ശിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.

പോസ്റ്റിനെതിരെ ആരാധകര്‍ ആഞ്ഞടിച്ചിരുന്നു. റാസിമിനെതിരെ ചിലര്‍ ഭീഷണി സ്വരവും ഉയര്‍ത്തിയിരുന്നു. ക്ലബ് ഗബാല എഫ്‌കെ ഫുട്‌ബോള്‍ ക്ലബും, അപ്പലോണ്‍ ലിമാസോളും തമ്മില്‍ യൂറോപ്പ് ലീഗ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. ഗബാല ടീമിലെ താരം ജാവേദ് ഹുസെനോവ് അന്ന് കളിക്കിടെ സൈപ്രസ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മോശം ആഗ്യം കാണിക്കുകയുണ്ടായി.
അശ്ലീല ആഗ്യം കാണിച്ചതിനെ വിമര്‍ശിച്ചായിരുന്നു റാസിം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. സൈപ്രസ് ആരാധകര്‍ക്കുനേരെ തുര്‍ക്കി പതാക വീശിയതിനെയും റാസിം വിമര്‍ശിച്ചിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
പോസ്റ്റ് വിവാദമായതിനു പിന്നാലെ റാസിമിനെ ഹുസൈനോവിന്റെ ആളുകള്‍ ഫോണ്‍ വിളിച്ചുവരുത്തുകയാണുണ്ടായത്. ഹുസൈനിന്റെ ആളുകള്‍ വരാന്‍ പറഞ്ഞ സ്ഥലത്ത് റാസിം പോവുകയും അവിടെവച്ച് ഒരുകൂട്ടം ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.












Click it and Unblock the Notifications