സമാധാന ചർച്ചകൾ നടന്ന് മണിക്കൂറുകൾ മാത്രം; യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം, 9 പേർ കൊല്ലപ്പെട്ടു
കീവ്: ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ യുക്രൈനിൽ റഷ്യയുടെ ആക്രമണം. യുക്രൈനിലെ വടക്കുകിഴക്കൻ സുമി മേഖലയിൽ ഒരു യാത്രാ ബസിൽ റഷ്യൻ ഡ്രോൺ ഇടിച്ചുകയറി ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സുപ്രധാന ചർച്ചകളിൽ വെടിനിർത്തൽ തീരുമാനങ്ങൾ ഒന്നും എടുത്തിരുന്നില്ല. ഇതോടെയാണ് റഷ്യ വീണ്ടും ആക്രമണം തുടങ്ങിയത്.
ഇത് റഷ്യ നടത്തിയ മറ്റൊരു യുദ്ധക്കുറ്റമാണ്, സിവിലിയൻ ഗതാഗതത്തിന് നേരെയുള്ള മനഃപൂർവമായ ആക്രമണം, യാതൊരു ഭീഷണിയുമിലായിരുന്നു; എന്നാണ് സുമി പ്രാദേശിക ഭരണകൂടം ടെലിഗ്രാം മെസേജിംഗ് ആപ്പിലെ ഒരു പോസ്‌റ്റിൽ പറഞ്ഞതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. റഷ്യൻ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തിന്റെ ആദ്യ ആഴ്‌ചകൾക്ക് ശേഷമുള്ള ഇരു രാജ്യങ്ങളുടെയും ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്‌ച അടയാളപ്പെടുത്തിക്കൊണ്ട്, വെള്ളിയാഴ്‌ച താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി റഷ്യൻ, യുക്രൈനിയൻ ഉദ്യോഗസ്ഥർ തുർക്കിയിൽ ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ, കാര്യമായ പുരോഗതിയില്ലാതെ രണ്ട് മണിക്കൂറിനുള്ളിൽ ചർച്ചകൾ അവസാനിച്ചു. ഒരു സുപ്രധാന നീക്കത്തിലൂടെ തടവുകാരുടെ കൈമാറ്റത്തിന് ഇരുപക്ഷവും സമ്മതിച്ചെങ്കിലും, സംഘർഷം അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന വ്യവസ്ഥകളിൽ അവർക്കിടയിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണയോടെ സമാധാനപരമായ ഒത്തുതീർപ്പിലേക്കുള്ള ആദ്യപടിയായി താൽക്കാലിക വെടിനിർത്തൽ ആണ് യുക്രൈൻ മുന്നോട്ട് വച്ച നിർദ്ദേശം. എന്നാൽ വെടിനിർത്തലിനെതിരെ റഷ്യ നിലകൊണ്ടുവെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഫ്രാൻസ്, ജർമ്മനി, യുകെ, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ചർച്ചകൾ നടത്തിയതായി യുക്രൈനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി പറഞ്ഞു. പൂർണവും നിരുപാധികവുമായ വെടിനിർത്തലും കൊലപാതകങ്ങളും അവസാനിപ്പിക്കലിനും നിരസിക്കുകയാണെങ്കിൽ മോസ്കോയ്‌ക്കെതിരെ കഠിനമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
റഷ്യൻ സൈന്യം യുക്രൈനിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ, കീവ് കീഴടങ്ങണമെന്നും നാറ്റോയിൽ ചേരാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ഇക്കാര്യത്തിൽ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കണമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് സെലൻസ്‌കി അംഗീകരിച്ചേക്കില്ല എന്നാണ് ലഭ്യമായ വിവരം. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടുന്നത്.












Click it and Unblock the Notifications