ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയില്‍ തനിക്ക് യാതൊരു വിധ ആശങ്കയുമില്ലെന്ന് കമലഹാരിസ്; നിലപാട് പറഞ്ഞ് ഇറാനും
ന്യൂയോർക്ക്: അടുത്ത നാല് വർഷം രാജ്യം ആര് ഭരിക്കും എന്ന് അറിയാനുള്ള തിരഞ്ഞെടുപ്പിലേക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജനത കടക്കും. നവംബർ അഞ്ചിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അവസാന ആഴ്ചയിലൂടെ കടക്കുന്നതോടെ പ്രചരണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട് രണ്ട് സ്ഥാനാർത്ഥികളും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് നടത്തിയ ചർച്ചയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂട് വർധിപ്പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ട്രംപും നെതന്യാഹാവും തമ്മിള്ള ഫോണ്‍സംഭാഷണം നടന്നത്. ഈ സംഭാഷണത്തിലെ വിവരങ്ങള്‍ വാർത്താ ഏജന്‍സിയായ അനഡോലു പുറത്തുവിട്ടു. ലെബനാനില്‍ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ നടത്തിയ പേജർ ആക്രമണങ്ങള്‍ തന്നില്‍ മതിപ്പ് ഉളവാക്കിയെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രതികരണത്തിന് ട്രംപോ, അദ്ദേഹത്തിന്റെ ഓഫീസോ തയ്യാറായില്ല.

ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചകളിൽ തനിക്ക് യാതൊരു വിധ ആശങ്കയുമില്ലെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും നിലവില്‍ യുഎസ് വൈസ് പ്രസിഡൻ്റുമായ കമലഹാരിസ് വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചുള്ള തൻ്റെ നിലപാടുകൾ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല
തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ രംഗത്ത് വന്നു. 'ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ഇസ്രായേലിൻ്റെ സമീപകാല ആക്രമണത്തിന് ഉചിതമായ മറുപടി നൽകും' എന്നായിരുന്നു മസൂദ് പെസെഷ്കിയന്റെ വാക്കുകള്‍. അതോടൊപ്പം തന്നെ കഴിഞ്ഞദിവസം തങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാഖിലെ അമേരിക്ക നിയന്ത്രിക്കുന്ന വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ പരിമിതമായ ആക്രമണം നടത്തിയതെന്നും ഇറാന്റെ ആർമി ജനറല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഘർഷം തുടരുന്നു
മേഖലയില്‍ ഇപ്പോഴും സംഘർഷ സാഹചര്യം തുടരുകയാണ്. വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേരോളം കൊല്ലപ്പെട്ടു. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും കൊല്ലപ്പെട്ടവരില്‍ ഏറേയും സ്ത്രീകളും കുട്ടികളുമാണ്.
ട്രക്ക് ആക്രമണമോ?
അതേസമയം, ട്രക്ക് ആക്രമണത്തില്‍ ഇസ്രായേലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെൽ അവീവിന് സമീപത്തുള്ള ഒരു ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇത് ഒരു ആക്രമണമാണോ അല്ലയോ എന്ന് പൊലീസ് പറയുന്നില്ലെങ്കിലും ട്രക്ക് ഡ്രൈവറെ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications