മുൻ കാമുകനടക്കം രണ്ട് പേരെ ചുട്ടുകൊന്നു, രൺബീറിന്റെ നായികയുടെ സഹോദരി അറസ്റ്റിൽ
ക്വീന്‍സ്: ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ന്യൂയോര്‍ക്കില്‍ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റില്‍. 43കാരിയായ ആലിയ തന്റെ മുന്‍ കാമുകനായ എഡ്വേര്‍ഡ് ജേക്കബ്‌സ്, സുഹൃത്ത് അനസ്‌തേഷ്യ എറ്റീനെ എന്നിവരെ കൊലപ്പെടുത്തി എന്നാണ് കേസ്. ജേക്കബ്‌സ് താമസിച്ചിരുന്ന ഇരുനിലക്കെട്ടിടത്തിന് ആലിയ തീയിടുകയായിരുന്നു എന്നാണ് വിവരം.
വാര്‍ത്തയോട് നടി നര്‍ഗീസ് ഫക്രി പ്രതികരിച്ചിട്ടില്ല. ആലിയയും നര്‍ഗീസും തമ്മില്‍ 20 വര്‍ഷത്തോളമായി ബന്ധമില്ലെന്നും അറസ്റ്റ് വിവരം എല്ലാവരേയും പോലെ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത് എന്നുമാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ റോക്‌സ്റ്റാറിലെ നായികാ വേഷത്തിലൂടെ പ്രശസ്തയാണ് നര്‍ഗീസ് ഫക്രി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും വലിയ ജയില്‍ ആയ റികേഴ്‌സ് ഐലന്‍ഡിലാണ് നിലവില്‍ ആലിയയെ പാര്‍പ്പിച്ചിരിക്കുന്നത്. മകള്‍ എല്ലാവരോടും സ്‌നേഹമുളള കൂട്ടത്തിലാണെന്നും ആരെയെങ്കിലും കൊലപ്പെടുത്താന്‍ പ്രാപ്തയാണെന്ന് കരുതുന്നില്ലെന്നും ആലിയയുടെ അമ്മ പ്രതികരിച്ചു. എന്നാല്‍ ആലിയ ആസൂത്രണത്തോടെ നടത്തിയതാണ് രണ്ട് കൊലപാതകങ്ങളും എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. സാക്ഷി മൊഴികളും ആലിയയ്ക്ക് എതിരാണ് എന്നാണ് വിവരം.
നവംബര്‍ 23ന് രാവിലെ ജേക്കബ്‌സ് താമസിക്കുന്ന സ്ഥലത്ത് എത്തിയ ആലിയ താഴെ നിന്ന് നിങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുകയാണ് എന്ന് വിളിച്ച് പറഞ്ഞതായാണ് സാക്ഷിമൊഴി. തൊട്ട് പിന്നാലെ ആലിയ കെട്ടിടത്തിന് തീകൊളുത്തുകയായിരുന്നുവെന്ന് ജില്ലാ അറ്റോര്‍ണി മെലിന്‍ഡ കാറ്റ്‌സ് പറയുന്നു. ഈ സമയത്ത് ജേക്കബ്‌സ് ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് എറ്റീനെ താഴെക്ക് വന്നെങ്കിലും തീ പടരുന്നത് കണ്ട് ജേക്കബ്‌സിനെ രക്ഷിക്കാന്‍ മുകളിലേക്ക് തന്നെ പോവുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഇരുവരും മരണപ്പെട്ടത് എന്ന് ജില്ലാ അറ്റോര്‍ണിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജേക്കബ്‌സുമായുളള പ്രണയബന്ധം പുതുക്കാന്‍ ആലിയ പലവട്ടം ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ജേക്കബ്‌സ് അനുകൂലമായി പ്രതികരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്. ആസൂത്രിത കൊലപാതകം അടക്കമുളള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ആലിയയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിച്ചേക്കാം. അതേസമയം ആലിയ കുറ്റാരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഡിസംബര്‍ 9ന് കോടതി കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications