ശൈഖ് അഹമ്മദ് നവാഫ് കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിമാരെ നിര്‍ദേശിക്കാനും ഉത്തരവ്
പുതിയ മന്ത്രിസഭാംഗങ്ങളെ നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രിയോട് കിരീടവകാശി ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി: ശൈഖ് അഹമ്മദ് നവാഫ് അല്‍ സബാഹിനെ കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി കിരീടവകാശി വീണ്ടും നിയമിച്ചു. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പുനര്‍ നിയമനം. മന്ത്രിസഭാംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കിരീടവകാശി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജനുവരിയില്‍ രാഷ്ട്രീയ അനിശ്ചതത്വത്തെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ രാജിവച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കെയാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചിരിക്കുന്നത്.
ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റും ഭരണകൂടം നിയമിക്കുന്ന സര്‍ക്കാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് കുവൈത്ത് രാഷ്ട്രീയത്തിലെ വെല്ലുവിളി. സാമ്പത്തിക പരിഷ്‌കരണ വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ലമെന്റിനും രണ്ട് അഭിപ്രായമാണ്. കുവൈത്ത് അമീറിന്റെ ഭൂരിഭാഗം ചുമതലകളും ഇപ്പോള്‍ നിര്‍വഹിക്കുന്നത് കിരീടവകാശിയാണ്. അദ്ദേഹമാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ച് ഉത്തരവിട്ടിരിക്കുന്നത്.
സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കിരീടവകാശി ശൈഖ് അഹമ്മദിനെ പ്രധാനമന്ത്രിയായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തി. അപ്പോഴും പ്രതിപക്ഷത്തിന് തന്നെയാണ് പാര്‍ലമെന്റില്‍ മേല്‍ക്കൈ ലഭിച്ചത്. കുവൈത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനമുണ്ട്. അതേസമയം, വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും സാധിക്കും. 50 അംഗ പാര്‍ലമെന്റിലേക്ക് ഭരണകൂടം നാമനിര്‍ദേശം ചെയ്തതിന് ബാക്കിയുള്ള സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
താരതമ്യേന മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പാര്‍ലമെന്റിനേക്കാള്‍ വ്യത്യസ്തമാണ് കുവൈത്തിലേത്. പാര്‍ലമെന്റിന് അല്‍പ്പം സ്വാധീനം കൂടുതലാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കലാണ് പാര്‍ലമെന്റ് ചെയ്യുക. മാത്രമല്ല, പുതിയ പരിഷ്‌കാരങ്ങള്‍, നിര്‍ണായകമായ തീരുമാനങ്ങള്‍ എന്നിവ സര്‍ക്കാര്‍ എടുക്കുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യവുമാണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശത്തെ പ്രതിപക്ഷത്തിന് സ്വാധീനമുള്ള പാര്‍ലമെന്റ് നിരുല്‍സാഹപ്പെടുത്തുകയാണ് പതിവ്.
ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വേളയിലാണ് രാഷ്ട്രീയ അനിശ്ചത്വം നീക്കുന്നതിന് ഭരണകൂടം സര്‍ക്കാരിനെ പിരിച്ചുവിടാറ്. രണ്ടുവര്‍ഷത്തിനിടെ അഞ്ചാം മന്ത്രിസഭയാണ് കഴിഞ്ഞ ജനുവരിയില്‍ നിലവില്‍ വന്നത്. ഇനി ആറാമത്തെ മന്ത്രിസഭാ രൂപീകരണമാണ് നടക്കാന്‍ പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നതയ്ക്ക് അയവ് വന്നിട്ടില്ല.












Click it and Unblock the Notifications