കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം; സ്വകാര്യ മേഖലയിലും വിദേശികള്‍ വേണ്ട, നോട്ടീസ് നല്‍കുന്നു

  • Written By:
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: അറബ് രാജ്യമായ കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി. സ്വകാര്യമേഖലയിലും ഇനി വിദേശികളെ നിയമിക്കില്ല. സ്വകാര്യമേഖലയില്‍ ഭരണ-നിര്‍വഹണ വിഭാഗത്തില്‍ സ്വദേശികളെ നിയമിക്കുന്ന നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

സൗദി അറേബ്യ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കിയതിന് തൊട്ടുപിന്നാലെയാണ് കുവൈത്തും സമാനമായ നീക്കങ്ങള്‍ നടത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാണ് അറബ് ഭരണാധികാരികളുടെ തീരുമാനം.

പഠിച്ചവര്‍ക്ക് ജോലിയില്ല

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് കുവൈത്ത് ഭരണകൂടം പുതിയ നടപടികള്‍ക്ക് വേഗം കൂട്ടിയത്. വിദേശികള്‍ക്ക് നല്‍കി വരുന്ന സൗജന്യ ചികില്‍സ നിര്‍ത്തിവയ്ക്കണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

20000 ത്തിലേറെ സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തു

നിലവില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കുവൈത്തില്‍ വളരെ കുറവാണ്. ഈ കുറവ് പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 20000 ത്തിലേറെ സ്വദേശികള്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതലും ജോലിയിലുള്ളത് വിദേശികള്‍

ഇത്രയും പേര്‍ക്ക് ജോലി കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാവുന്ന ചില നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. 18 ലക്ഷത്തിലേറെ പേരാണ് സ്വകാര്യമേഖലയില്‍ രാജ്യത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 70000 പേര്‍ മാത്രമേ സ്വദേശികളുള്ളൂ.

പത്ത് ശതമാനം വിദേശികളെ ഒഴിവാക്കും

പത്ത് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നതിനുള്ള നീക്കമാണ് അണിയറയില്‍ തുടക്കമിട്ടിരിക്കുന്നത്. വര്‍ഷം തോറും പത്ത് ശതമാനം വിദേശികളെ ഒഴിവാക്കും. ഇങ്ങനെ ഒഴിവ് വരുന്ന തസ്തികകളില്‍ സ്വദേശികളെയാവും നിയമിക്കുക.

പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

കഴിഞ്ഞ ദിവസം കുവൈത്ത് സര്‍വകലാശാലയില്‍ കുറച്ചാളുകള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന തസ്തികകളിലുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

സൗജന്യ ചികില്‍സ നിര്‍ത്തണമെന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് നിലവില്‍ സൗജന്യ ചികില്‍സ നല്‍കുന്നുണ്ട്. ഇത് നിര്‍ത്തിവയ്ക്കണമെന്ന് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം ആണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ പ്രത്യേക ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

 വിദേശികള്‍ക്ക് കൂടുതല്‍ ചെലവ് വരുന്നു

സാമൂഹിക പ്രവര്‍ത്തകയും പാര്‍ലമെന്റിലെ ഏക വനിതാ അംഗവുമാണ് സഫ. വിദേശികളുടൈ ചികില്‍സയ്ക്ക് വേണ്ടി നീക്കി വയ്ക്കുന്ന തുകയുടെ കണക്കുകളും ഇവര്‍ അവതരിപ്പിച്ച ബില്ലിലുണ്ട്. ഇത് നിര്‍ത്തിവയ്ക്കണമെന്നാണ് അംഗത്തിന്റെ ആവശ്യം.

സ്വദേശികള്‍ക്ക് വിദഗ്ധ ചികില്‍സ

സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് വിദേശികള്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കുന്നത്. ഇത് മൂലം സര്‍ക്കാര്‍ ഖജനാവിന് വന്‍ തുക ചെലവ് വരുന്നുവെന്ന് സഫ പറയുന്നു. അതിന് പകരം സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ വിദഗ്ധ ചികില്‍സ നല്‍കണമെന്നാണ് അവരുടെ ആവശ്യം.

 മരുന്ന് വിതരണം തുടരുമെന്ന് സര്‍ക്കാര്‍

പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചതോടെ കുവൈത്തിലെ വിദേശികള്‍ക്കിടയില്‍ ആശങ്ക പരന്നിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സൗജന്യ മരുന്ന് വിതരണം തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗജന്യ മരുന്ന് വിതരണം ഏറെ കാലമില്ല

എല്ലാ കാലത്തും സൗജന്യ മരുന്ന് വിതരണം തുടരുകയില്ല. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ആശുപത്രികളുടയും വിദേശികള്‍ക്കായുള്ള ആരോഗ്യസുരക്ഷാ കേന്ദ്രങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് സൗജന്യ മരുന്നുകള്‍ ലഭിക്കുക.

English summary
Kuwait to give more opportunities to it's Citizens and reduce expatriate
Please Wait while comments are loading...