'ഞാൻ അവനെ കുറച്ചുനേരം കാണട്ടെ'; ലോക മനസാക്ഷിയെ നോവിച്ച് യുക്രൈനിൽ മകനെ നഷ്ടപ്പെട്ട ഒരമ്മ
കിയെവ്; യുദ്ധത്തിൽ മകൻ നഷ്ടപ്പെട്ട യുക്രൈൻ അമ്മയുടെ വിലാപം ലോക മനസാക്ഷിയെ സങ്കടപ്പെടുത്തുന്നു. സ്വന്തം മകന്റെ മൃതശരീരം മാൻഹോളിൽ കിടക്കുന്ന കണ്ട അമ്മ അവിടെ മുട്ടുകുത്തി നിന്ന് കരയുകയായിരുന്നു. ലൂഡ്‌മൈല എന്നാണ് ഈ അമ്മയുടെ പേര്. തിരിച്ചറിയാതിരിക്കാൻ സൈന്യം ഈ മൃതദേഹം പായിൽ പൊതിഞ്ഞു മൂടിയിരുന്നു. എന്നാൽ മകന്റെ ചെരുപ്പുകൾ ലൂഡ്‌മൈല തിരിച്ചറിഞ്ഞിരുന്നു. "ഞാൻ അവനെ കുറച്ചുനേരം കാണട്ടെ," മകന്റെ ശരീരം കാണണമെന്ന് അവർ വാശിപിടിച്ചു കരയുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു റഷ്യൻ സൈന്യം ഈ പ്രദേശത്ത് നിന്ന് പിൻമാറിയത്.
മാൻഹോളിന്റെ അടിയിൽ നിന്ന് ഒരു ടാങ്കർ വെള്ളം ഊറ്റിയാണ് മൃതദേഹം പുറത്തെത്തിച്ചത്. രണ്ട് മൃതദേഹങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഓരോ ശരീരത്തിലും മെലിഞ്ഞതും വെളുത്തതുമായ ഒരു കയർ കെട്ടിയിരുന്നു. പത്ത് പേർ ചേർന്നാണ് ആദ്യത്തെ മൃതദേഹം വലിച്ചെടുത്തത്. ഒമ്പത് പേർ ചേർന്ന് ലൂഡ്‌മൈലയുടെ മകന്റെ മൃതദേഹവും പുറത്തിട്ടു. ഇതേ സമയം പോലിസിന്റെ ക്രൈം-സീൻ ടേപ്പ് തകർത്തുകൊണ്ട് ലൂഡ്‌മൈല മൃതദേഹത്തിന് അടുത്തേക്ക് ഓടിയെത്തി. എന്നാൽ സൈന്യം അവളെ പിടിച്ചുമാറ്റുകയായിരുന്നു. ഞാൻ എന്റെ മകനെ ഒന്ന് നോക്കട്ടെ എനിക്ക് അവനെ കാണണം എന്ന് പറഞ്ഞ് അലമുറയിട്ട് കരയുകയായിരുന്നു ലൂഡ്‌മൈല.

മാർച്ച് 16 മുതലാണ് ഇരുപത്തിമൂന്നുകാരനായ മകനെ കാണാതെ ആയത്. ഇയാൾ യുക്രൈനിലെ സായുധ സേനയുടെ റിസർവ് വിഭാഗമായ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സിലെ അംഗമായിരുന്നെന്ന് വില്ലേജ് ഓഫീസർ ല്യൂഡ്‌മൈല സകാബ്ലൂക്ക് പറഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ പടിഞ്ഞാറ് ബുസോവ ഗ്രാമത്തിനടുത്തുള്ള മോട്ടോർവേ സർവീസ് സ്റ്റേഷന്റെ പിന്നിലെ ഒരു ഷാഫ്റ്റിനുള്ളിൽ. സിവിലിയൻ സൈനിക വസ്ത്രങ്ങൾ ധരിച്ചതായി തോന്നിക്കുന്ന രണ്ട് പുരുഷന്മാരുടെ അവശിഷ്ടങ്ങൾ കണ്ടിരുന്നതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരുടെ മൃതദേഹം ആയിരിക്കാം ഇത് എന്നും സൂചനകൾ ഉണ്ടായിരുന്നു.
"എന്തൊരു ഭീകരമായ കാഴ്ചയാണിത്. എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത്?" മൃതദേഹം തിരിച്ചറിഞ്ഞ സകാബ്ലൂക്ക് പറഞ്ഞു. യുക്രൈന്റെ നിവരധി പ്രദേശത്ത് നിന്ന് റഷ്യ പിൻമാറിയതിന് ശേഷമാണ് യുക്രൈനിൽ നടന്ന പല നാശനഷ്ടങ്ങളുടെയും വിവരങ്ങൾ പുറത്ത് വന്നത്. കിയെവിന് സമീപത്തുള്ള ബുച്ച ന ഗരത്തിൽ നിന്ന് പുറത്ത് വന്ന ചിത്രങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കൂട്ട ശവക്കുഴികളും തെരുവിൽ കിടക്കുന്ന സാധാരണക്കാരുടെ മൃതദേഹവും ചിത്രങ്ങളിൽ കാണാമായിരുന്നു. എന്നാൽ പുറത്ത് വന്ന ചിത്രങ്ങൾ വ്യാജമാണെന്നാണ് റഷ്യയുടെ വാദം.












Click it and Unblock the Notifications