റംസാനില്‍ വാരിക്കോരി കൊടുത്ത് യൂസഫലി; 40 ലക്ഷം ദിര്‍ഹം!! നിറ പുഞ്ചിരിയോടെ പ്രവാസികള്‍

  • Written By:
Subscribe to Oneindia Malayalam

ദുബായ്: വിശുദ്ധ റംസാന്‍ വിശ്വാസികള്‍ക്ക് ദാനധര്‍മത്തിന്റെ മാസം കൂടിയാണ്. പ്രപഞ്ച നാഥന്‍ അനുഗ്രഹിച്ച് തന്നത് അവന്റെ ദാസന്‍മാര്‍ക്കിടയിലെ അവശര്‍ക്ക് നല്‍കുക. ഇസ്ലാമിന്റെ പഞ്ചകര്‍മങ്ങളില്‍ ഉള്‍പ്പെട്ട ഈ ആരാധനക്ക് അളവില്ലാത്ത പ്രതിഫലമുണ്ടെന്ന് പ്രവാചക വചനം.

ദാനധര്‍മങ്ങളുടെ പ്രതീകമാണ് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി. റംസാനില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇത്തവണയും ലക്ഷങ്ങളുടെ സഹായമാണ് അദ്ദേഹം നല്‍കുന്നത്.

40 ലക്ഷം ദിര്‍ഹം

40 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ചാരിറ്റി കാര്‍ഡുകള്‍ ഇത്തവണ ലുലു ഗ്രൂപ്പ് വിതരണം ചെയ്യും. യുഎഇയിലെ ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് 500 ദിര്‍ഹത്തിന്റെ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുക. റംസാനില്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണിത്.

സഹായത്തിന് ഫൗണ്ടേഷന്‍ കൂട്ട്

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. യുഎഇയിലെ സ്വദേശികളും വിദേശികളുമായ ആറായിരത്തോളം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.

8360 കാര്‍ഡുകള്‍

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ് അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി കാര്‍ഡ് നല്‍കുക. 500 ദിര്‍ഹം മൂല്യമുള്ള 8360 കാര്‍ഡുകളാണ് വിതരണം ചെയ്യുക. ഇതുപയോഗിച്ച് ലുലു ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങാം.

പത്താം വാര്‍ഷികം

ലുലു ഗ്രൂപ്പ് ഫൗണ്ടേഷന്‍ റംസാന്‍ മാസത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികം കൂടിയാണിത്. മംസാറിലെ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ സ്വാലിഹ് സാഹിര്‍ അല്‍ മസ്‌റൂഇയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

എല്ലാവര്‍ക്കും ആനുകൂല്യം

ഈ വര്‍ഷം 8360 ചാരിറ്റി കാര്‍ഡുകളാണ് വിതരണം ചെയ്യുകയെന്ന് യൂസഫലി പറഞ്ഞു. അര്‍ഹതപ്പെട്ട കുടുംബങ്ങളെ ഫൗണ്ടേഷന്‍ കണ്ടെത്തും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ചാരിറ്റി കാര്‍ഡ് വിതരണം പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലുലു ഗ്രൂപ്പ് ഇതുവരെ 28 ദശലക്ഷം ദിര്‍ഹമാണ് പദ്ധതിക്കായി നീക്കിവച്ചതെന്നും യൂസഫലി വിശദീകരിച്ചു.

നന്ദി നന്ദി നന്ദി...

ഫൗണ്ടേഷന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ലുലു ഗ്രൂപ്പ് നല്‍കുന്ന സേവനത്തിന് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇബ്രാഹീം ബൗമേല്‍ഹ നന്ദി പറഞ്ഞു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി മുഹമ്മദ് അല്‍ ശമാലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എംഎ സലിം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

എംഎ യൂസഫലി ഒന്നാമന്‍

2017ലെ ശതകോടീശ്വരന്‍മാരുടെ പട്ടിക ഫോര്‍ബ്സ് മാസിക കഴിഞ്ഞ മാര്‍ച്ചിലാണ് പുറത്ത് വിട്ടത്. പതിവ് പോലെ ഇത്തവണയും പത്ത് മലയാളികള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയിരുന്നു. എംഎ യൂസഫലി തന്നെയാണ് മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍.

 ആഗോള തലത്തില്‍ സ്ഥാനം 367

ആഗോള തലത്തില്‍ യൂസഫലിയുടെ സ്ഥാനം 367 ആണ്. എന്നാല്‍ ഇന്ത്യക്കാരിലെ പതിനെട്ടാമനും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്നെയാണ് ഇത്തവണയവും ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ.

30,600 കോടി ഇന്ത്യന്‍ രൂപ

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആസ്തിയുടെ കാര്യത്തില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലിയാണ്. 450 കോടി ഡോളര്‍ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്സ് കണക്കാക്കുന്നത്. ഏതാണ്ട് 30,600 കോടി ഇന്ത്യന്‍ രൂപ.

രണ്ടാം സ്ഥാനത്തുള്ള മലയാളി

ആര്‍പി ഗ്രൂപ്പിന്റെ മേധാവിയായ രവി പിള്ളയാണ് പണക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മലയാളി. ഇന്ത്യക്കാരുടെ പട്ടികയില്‍ 25-ാം സ്ഥാനത്താണ് രവി പിള്ള ഉള്ളത്. 350 കോടി ഡോളറാണ് ആസ്തി. 23,800 കോടി രൂപ.

 തൊട്ടതെല്ലാം പൊന്നാക്കി

ഫെഡറല്‍ ബാങ്ക് ഓഹരിവിപണികളില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് വന്‍ നേട്ടമുണ്ടായെന്ന വാര്‍ത്ത അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2013ലാണ് ഇന്ത്യയിലെ സമ്പന്നരായ യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തുന്നത്. 2013ല്‍ 40 രൂപ വെച്ച് ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ 2017 ആയപ്പോഴേക്കും നിക്ഷേപിച്ചതിന്റെ മൂന്ന് മടങ്ങാണ് വര്‍ധനവ്. അതായത് ഏകദേശം 180 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. തൊട്ടതെല്ലാം പൊന്നാക്കുന്ന യൂസഫലി തൃശൂരിലെ നാട്ടിക സ്വദേശിയാണ്.

English summary
Lulu Group humanitarian programme in UAE
Please Wait while comments are loading...