മാറ്റം പ്രതീക്ഷിക്കുകയാണ് ലോക ജനത, ബൈഡന്റെയും കമലയുടേയും വിജയത്തിൽ ഇപി ജയരാജൻ
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനും വൈസ് പ്രസിഡണ്ടായ കമല ഹാരിസിനും അഭിനന്ദനവുമായി മന്ത്രി ഇപി ജയരാജൻ. കമലാ ഹാരിസിന്റെ സ്ഥാനാരോഹണം, മലയാളികളടക്കമുള്ള അമേരിക്കയിലെ കുടിയേറ്റ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയാണ്. വര്‍ണ-വര്‍ഗ- ലിംഗ ഭേദമന്യേ വോട്ട് നല്‍കി അമേരിക്കന്‍ ജനത അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ജോ ബൈഡനും കമലാ ഹാരിസിനും അവരുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സാധിക്കട്ടെ എന്ന് ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' അമേരിക്കന്‍ പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും ഡെമോക്രോറ്റിക് പാര്‍ട്ടിക്കും ആശംസകള്‍. കൊവിഡ് മഹാമാരി അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലും സമ്മതിദാന അവകാശം മാറ്റത്തിനായി വിനിയോഗിച്ച അമേരിക്കന്‍ ജനതയ്ക്കും അഭിവാദ്യങ്ങള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്.

അവസാനത്തെ വോട്ടും എണ്ണി യഥാര്‍ഥ വിജയിയെ കണ്ടെത്താന്‍ ക്ഷമ കാണിക്കാതെ ജനവിധി കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഡോണള്‍ഡ് ട്രംപ് ചെയ്തത്. അധികാരത്തിലെത്തിയാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയില്‍ വീണ്ടും പങ്കാളിയാകുമെന്ന ബൈഡന്റെ പ്രഖ്യാപനം, നയപരമായും പ്രായോഗിക തലത്തിലും അമേരിക്കയ്ക്ക് ഇനി മാറ്റത്തിന്റെ കാലമെന്ന സൂചന നല്‍കുന്നു.
ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം പിൻവലിച്ചതടക്കമുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ജനവിരുദ്ധ തീരുമാനങ്ങളിൽ സമാനമായ മാറ്റം പ്രതീക്ഷിക്കുകയാണ് ലോക ജനത. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത, അതും ഇന്ത്യന്‍- ആഫ്രിക്കന്‍ വംശജയായ ഒരാള്‍ വൈസ്പ്രസിഡന്‌റ് സ്ഥാനത്തെത്തുകയാണ്. കമലാ ഹാരിസിന്റെ സ്ഥാനാരോഹണം, മലയാളികളടക്കമുള്ള അമേരിക്കയിലെ കുടിയേറ്റ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയാണ്. വര്‍ണ-വര്‍ഗ- ലിംഗ ഭേദമന്യേ വോട്ട് നല്‍കി അമേരിക്കന്‍ ജനത അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ജോ ബൈഡനും കമലാ ഹാരിസിനും അവരുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സാധിക്കട്ടെ''.












Click it and Unblock the Notifications