വസ്ത്രം കണ്ട് മതം തിരിച്ചറിയാന്‍ പാടില്ല: ഫ്രാൻസിലെ സ്‌കൂളുകളിൽ അബായ ധരിക്കുന്നത് നിരോധിക്കും
പാരീസ്: ഫ്രാന്‍സിലെ സർക്കാർ വിദ്യാലയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന അബായ നിരോധിക്കും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അബായക്ക് മാത്രമല്ല, മറ്റ് മതപരമായ ചിഹ്നങ്ങള്‍ക്കും വിദ്യാലയങ്ങളില്‍ നിരോധനമുണ്ട്. പബ്ലിക് സ്കൂളുകളിൽ വലിയ കുരിശുകളോ ജൂത കിപ്പാകളോ (ജൂത തൊപ്പി) ഇസ്ലാമിക രീതിയിലുള്ള ശിരോ വസ്ത്രങ്ങളോ ധരിക്കുന്നതിന് വിലക്കുണ്ടെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
'ഇനി സ്‌കൂളുകളിൽ അബായ ധരിക്കാൻ കഴിയില്ല' എന്നാണ് ടിവി ചാനലായ ടിഎഫ് വണിന് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്താല്‍ പറയുന്നത്. ഒരു ക്ലാസ് മുറിയിലേക്ക് പോകുമ്പോള്‍ വിദ്യാർത്ഥികളുടെ വസ്ത്ര ധാരണം നോക്കി അവരുടെ മതം തിരിച്ചറിയാന്‍ ആളുകള്‍ക്ക് കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഫ്രാൻസിൽ 2004-ലും 2010ലും പൊതു ഇടങ്ങളിൽ അബായ നിരോധിച്ചിരുന്നു. അന്ന് ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. എന്നാല്‍ മുസ്ലിം സംഘടനകളുടെ ദേശീയ കൂട്ടായ്മയായ ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്ത് വസ്ത്രം മതപരമായ അടയാളമായി കണക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, നേരത്തെ കശ്മീരിലെ ഒരു സ്കൂളില്‍ അബായ നിരോധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിശ്വ ഭാരതി ഹയർ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പലാണ് പെണ്‍കുട്ടികള്‍ അബായ ധരിച്ചെത്തുന്നത് നിരോധിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് നിയന്ത്രണം. ഇതോടെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നു.
പ്രിന്‍സിപ്പലിന്റെ നടപടി രാഷ്ട്രീയ പാർട്ടികളിൽ നിന്നും മതനേതാക്കളിൽ നിന്നുമുള്ള ശക്തമായ പ്രതികരണങ്ങള്‍ക്കും ഇടയാക്കി. പ്രിന്‍സിപ്പലിന്റെ തീരുമാനത്തെ മത കാര്യങ്ങളിലേക്കുള്ള അനാവശ്യമായ കൈകടത്തലാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതാക്കള്‍ വ്യക്തമാക്കിയപ്പോള്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നായിരുന്നു രാഷ്ട്രീയ നേതാക്കളുടെ നിലപാട്.
പ്രതിഷേധം ശക്തമായതോടെ നടപടി പിന്‍വലിച്ച് ഖേദപ്രകടനവുമായി സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്ത് വന്നു. വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നടത്തിയ സംഭാഷണം തെറ്റായി ചിത്രീകരിക്കപ്പെടുകയായിരുന്നു, ഏതെങ്കിലും സാഹചര്യത്തിൽ വിദ്യാർത്ഥികളുടേയോ രക്ഷിതാക്കളുടേയോ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിന് ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പ്രിന്‍സിപ്പില്‍ അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications