'ടിപ്പ് ഓഫ് ദി ഐസ്‌ബർഗ് ' : മുന്നറിയിപ്പുമായി ലോകരോഗ്യസംഘടന
ജനീവ: ആഗോളതലത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. ഒരു മാസമായി കൊവിഡ് കേസുകൾ കുറയുകയായിരുന്നുവെന്നും എന്നാൽ ചില ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുകയാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളെ തുടർന്നാണ് കൊവിഡ് കേസുകൾ വർധിക്കുന്നതെന്നും കൂടുതലായി പടരുന്ന ഒമിക്രോൺ വേരിയന്‍റ്, രാജ്യത്ത് കൂടുതൽ ഇളവുകൾ നടപ്പിൽ വരുത്തുന്നതെല്ലാം കൊവിഡ് കേസുകൾ വർധിക്കുന്നതിന് കാരണമാണെന്നും ഡബ്സിയുഎച്ച്ഒ ചൂണ്ടിക്കാട്ടി.
പല രാജ്യങ്ങളും കൊവിഡ് പരിശോധനകൾ കുറച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും സംഘടന വ്യക്തമാക്കുന്നു. ആഗോളതലത്തിൽ എട്ട് ശതമാനത്തിന്‍റെ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ച 11 മില്യൺ കൊവിഡ് കേസുകൾ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്‌തെന്നും 43000 പേർ രോഗം ബാധിച്ച് മരിച്ചെന്നുമാണ് പുതിയ കണക്കുകൾ.

ജനുവരിക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന നിരക്കാണിത്. ദക്ഷിണ കൊറിയയിൽ 25 ശതമാനവും ചൈനയിൽ 27 ശതമാനവും ആഫ്രിക്കയിൽ 12 ശതമാനവും വർധനവാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. യൂറോപ്പ് മാർച്ച് ആദ്യത്തോടെ മറ്റൊരു തരംഗത്തിനെ നേരിടേണ്ടി വന്നേക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. ഓസ്‌ട്രിയ, ജർമനി, സ്വിറ്റ്‌സർലന്‍റ്, നെതർലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ കൊവിഡ് തരംഗം ഉണ്ടായേക്കാമെന്നായിരുന്നു വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നത്.
ദക്ഷിണ കൊറിയയിൽ കൊവിഡ് കേസുകളിൽ വൻ ഉയർച്ച റിപ്പോർട്ട് ചെയ്‌തു. ഒരു ദിവസത്തിൽ പുതുതായി ആറ് ലക്ഷത്തിലധികം പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കണക്കുകളിലെ ഉയർന്ന നിരക്കാണ് ഇത്. രാജ്യത്ത് 6,21,328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗത്ത് കൊറിയ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ ഏജൻസി അറിയിച്ചു. 429 പേർ രോഗം ബാധിച്ച് മരിച്ചു. ഒരു ദിവസത്തിൽ 55 ശതമാനം ഉയർച്ചയാണ് കൊവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്‌തത്.
ആഗോള തലത്തിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ളവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കണമെന്നും കൊവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി.












Click it and Unblock the Notifications