നേപ്പാളില്‍ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; അഞ്ച് മരണം
കാഠ്മണ്ഡു: നേപ്പാളില്‍ ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ലിഖു പികെ വില്ലേജ് കൗണ്‍സിലിന്റെയും ദുദ്കുന്ദ മുനിസിപ്പാലിറ്റി-2 ന്റെയും അതിര്‍ത്തിയായ ലാമജുര ദണ്ഡ എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അഞ്ച് പേരുടെ മൃതദേഹം ഗ്രാമവാസികള്‍ പുറത്തെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെലികോപ്റ്ററില്‍ അഞ്ച് മെക്സിക്കന്‍ പൗരന്മാരും പൈലറ്റ് ചെറ്റ് ബി ഗുരുംഗും ആണ് ഉണ്ടായിരുന്നത് എന്ന് കോഷി പ്രവിശ്യ പൊലീസ് ഡിഐജി രാജേഷ്‌നാഥ് ബസ്‌തോല പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സന്ദര്‍ശിക്കാനെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു.

മാനംഗ് എയറിന്റെ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിലേക്ക് മടങ്ങേണ്ടതായിരുന്നു ഹെലികോപ്റ്റര്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്ററിന് ഫ്‌ലൈറ്റ് റൂട്ട് മാറ്റേണ്ടി വന്നതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു. തകര്‍ന്ന് വീണ ഹെലികോപ്റ്ററിന് തീപിടിച്ചതായി ഗ്രാമവാസികള്‍ പറയുന്നു.












Click it and Unblock the Notifications