ഐസിസ്; പെണ്‍കുട്ടികളടക്കം 9 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സിറിയയിലേക്ക് പോയി
ലണ്ടന്‍: തീവ്രവാദ സംഘടന ഐസിസില്‍ ചേരാനായി ബ്രിട്ടീഷ് വംശജരായ 9 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സിറിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഐഎസിസിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി റിക്രൂട്ട് ചെയ്ത ഇരുപത് വയസ് പ്രായമുള്ളവരാണ് തുര്‍ക്കിവഴി സിറിയയിലേക്ക് കടന്നിരിക്കുന്നത്.
നാലു പെണ്‍കുട്ടികളും അഞ്ച് ആണ്‍ കുട്ടികളും സംഘത്തില്‍ ഉള്‍പ്പെട്ടതായി ബ്രിട്ടീഷ് മാധ്യമം വെളിപ്പെടുത്തി. സുഡാനില്‍ മെഡിക്കല്‍ പഠനം നടത്തുകയായിരുന്ന വിദ്യാര്‍ഥികളാണ് ഇവര്‍. അവിടെനിന്നും വീട്ടുകാര്‍ അറിയാതെ തുര്‍ക്കിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് സിറിയയില്‍ ഐസിസിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലെത്തുകയും ചെയ്തു.

ഇതാദ്യമായല്ല ഉന്നത വിദ്യാഭ്യാസമുള്ള ബ്രിട്ടീഷ് വംശജര്‍ ഐസിസിനൊപ്പം ചേരുന്നത്. ക്രൂരനായ കൊലയാളി ജിഹാദി ജോണ്‍ അടക്കം അറുനൂറോളം ബ്രിട്ടീഷുകാര്‍ ഐസിസിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായി ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫിബ്രുവരിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ബ്രിട്ടന്‍ വിട്ടത്.
ഓണ്‍ലൈന്‍ വഴിയാണ് ഐസിസ് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. ആണ്‍കുട്ടിളെയും പെണ്‍കുട്ടികളെയും ബ്രെയിന്‍വാഷ് ചെയ്യുന്ന പ്രത്യേക സംഘം ഐസിസിനായി ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദിന്റെ പേരുപറഞ്ഞും അമേരിക്കയ്‌ക്കെതിരെയുള്ള എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടിയുമാണ് മിക്ക യുവാക്കളെയും ഐസിസ് തങ്ങളുടെ കേന്ദ്രത്തിലെത്തിക്കുന്നത്.












Click it and Unblock the Notifications