മിസൈല്‍ പരീക്ഷണം തുടരുമെന്ന് ഉത്തര കൊറിയ; ഏത് സമയവും ആണവ യുദ്ധം, ഞെട്ടലോടെ അമേരിക്ക

  • Written By:
Subscribe to Oneindia Malayalam

പ്യോങ്യാങ്: അമേരിക്ക ആക്രമണ ഭീഷണി തുടരുന്നതിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോങ് യോല്‍ ബിബിസിയോടാണ് ഇക്കാര്യം പറഞ്ഞത്.

ഓരോ ആഴ്ചയിലും മിസൈല്‍ പരീക്ഷണം നടത്താനാണ് തീരുമാനം. ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തും. അമേരിക്ക സൈനികമായി നീങ്ങുകയാണെങ്കില്‍ യുദ്ധമായിരിക്കും അനന്തര ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയെ പരീക്ഷിക്കരുത്

അമേരിക്കയെ പരീക്ഷിക്കരുതെന്ന് ഉത്തര കൊറിയയോട് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഉത്തര കൊറിയന്‍ നേതാവ് നിലപാട് വ്യക്തമാക്കിയത്. ഉത്തര കൊറിയയുമായി ക്ഷമയുടെ പാത അവസാനിച്ചുവെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു.

മിസൈല്‍ പരീക്ഷണം

ഉത്തര കൊറിയ കഴിഞ്ഞാഴ്ച മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കന്‍ വിലക്ക് നിലനില്‍ക്കവെയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം തുടര്‍ന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി.

വകവെയ്ക്കുന്നില്ലെന്ന് ഉത്തര കൊറിയ

എന്നാല്‍ ഭീഷണി വകവെയ്ക്കുന്നില്ലെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പെന്‍സ് ദക്ഷിണ കൊറിയയിലെത്തിയത്. സൈനിക നീക്കം സംബന്ധിച്ച് ദക്ഷിണ കൊറിയയുമായി അദ്ദേഹം ചര്‍ച്ച നടത്തി വരികയാണ്.

പസഫിക് തീരത്തേക്ക് യുദ്ധക്കപ്പല്‍

കൊറിയന്‍ ഉപഭൂഖണ്ഡം ഇപ്പോള്‍ യുദ്ധമുനയിലാണ്. അമേരിക്ക പസഫിക് തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ചിട്ടുണ്ട്. ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണങ്ങളും തങ്ങള്‍ തുടരുമെന്നാണ് ഉത്തര കൊറിയ പറയുന്നത്. ഉത്തര കൊറിയ ഇതുവരെ അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തിയെന്നാണ് അമേരിക്കയുടെ വാദം.

ആണവായുധം പ്രയോഗിക്കും

അമേരിക്ക തങ്ങള്‍ക്കെതിരേ സൈനിക നടപടി സ്വീകിരിച്ചാല്‍ തങ്ങള്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയന്‍ മന്ത്രി ഹാന്‍ പറഞ്ഞു. തങ്ങള്‍ക്ക് തങ്ങളുടേതായ രീതികളുണ്ട്. അത് ചിലപ്പോള്‍ പുറത്തെടുക്കുമെന്നും ഹാന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ഉപരോധം

ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തരുതെന്ന് അമേരിക്കയും വന്‍ ശക്തി രാജ്യങ്ങളും യുഎന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും ഉത്തര കൊറിയ പരീക്ഷണം നടത്തി. ഇപ്പോള്‍ ഉത്തര കൊറിയക്കെതിരേ അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കുകയാണ്.

ചൈനയുടെ പിന്തുണ

എന്നാല്‍ ഉത്തര കൊറിയയെ ഇനിയൊരു പരീക്ഷണം നടത്താന്‍ അനുവദിക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഉത്തര കൊറിയയെ ഒറ്റപ്പെടുത്തി സമ്മര്‍ദ്ദം ശക്തമാക്കാനുള്ള നീക്കം അമേരിക്ക നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ ചൈനയാണ് ഉത്തര കൊറിയയെ പിന്തുണയ്ക്കുന്നതെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.

മിസൈല്‍ പ്രതിരോധ സംവിധാനം

അമേരിക്ക യുദ്ധക്കപ്പല്‍ അയച്ചതിന് പിന്നാലെ ഉത്തര കൊറിയന്‍ അതിര്‍ത്തി മേഖലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ജപ്പാനും അമേരിക്കക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മിസൈല്‍ പരീക്ഷണം പാളി

കഴിഞ്ഞാഴ്ച ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പാളിയെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും അറിയിച്ചു. ബാലസ്റ്റിക് മിസൈല്‍ പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് ഇരുരാജ്യങ്ങളുടെയും വാദം. ഉത്തര കൊറിയ കിഴക്കന്‍ തുറമുഖമായ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

ആറാം ആണവ പരീക്ഷണം

അഞ്ച് ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ ആറാം ആണവ പരീക്ഷണം തടയുമെന്ന് അമേരിക്കയും പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയയും വ്യക്തമാക്കിയതോടെ മേഖല യുദ്ധഭീഷണിയിലാണ്. എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. രാഷ്ട്രപിതാവ് കിം ഇല്‍ സുങിന്റെ 105 ാം വാര്‍ഷികം ശനിയാഴ്ച ഉത്തര കൊറിയ ആഘോഷിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പ്യോങ്യാങില്‍ കൂറ്റന്‍ സൈനിക പരേഡ് സംഘടിപ്പിക്കുകയുമുണ്ടായി.

കൊട്ടാരം ആക്രമിക്കും, പിന്നെ താവളം

അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ആദ്യം തിരിച്ചടിക്കുക ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ബില്‍ഡിങ് തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് ഉത്തര കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോ റോങ് ഹി പറഞ്ഞു. രണ്ടാം ആക്രമണം അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയന്‍ സൈന്യത്തിലെ രണ്ടാമനായി വിലയിരുത്തുന്ന വ്യക്തിയാണ് ചോ.

English summary
North Korea will continue to test missiles, a senior official has told the BBC in Pyongyang, despite international condemnation and growing military tensions with the US. "We'll be conducting more missile tests on a weekly, monthly and yearly basis," Vice-Foreign Minister Han Song-ryol told the BBC's John Sudworth.
Please Wait while comments are loading...