ഭീകരതക്കെതിരായ സൗദിയുടെ പോരാട്ടം, പാകിസ്താനും ഒപ്പം ചേരുന്നു; നേതൃത്വം പാക് മുന്‍ സൈനിക മേധാവിക്ക്

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള 39 രാജ്യങ്ങളിലെ സൈനിക സഖ്യത്തിന്റെ നേതൃത്വം ഇനി മുന്‍ പാക് സൈനിക മേധാവിക്ക്. ജനറല്‍ റാഹീല്‍ ശെരീഫ് ആയിരിക്കും ഭീകരതക്കെതിരേ പോരാടാന്‍ രൂപീകരിച്ച സഖ്യസേനയുടെ തലവനെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റാഹീലിന്റെ നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തുവെന്ന് പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് പറഞ്ഞു.

2016 നവംബറിലാണ് റാഹീല്‍ പാക് സൈനിക മേധാവി സ്ഥാനത്ത് നിന്നു വിരമിച്ചത്. ഇദ്ദേഹത്തെ അറബ് സഖ്യസേനയുടെ മേധാവിയക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ധാരണയായതെന്ന് ആസിഫ് ജിയോ ടിവിയോട് പറഞ്ഞു. പാകിസ്താനും സൗദി അറേബ്യയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. യമനിലും സിറിയയിലും ഇടപെട്ടിട്ടുള്ള സഖ്യസേനയുടെ തലവനായി പാകിസ്താന്റെ മുന്‍ മേധാവി വരുന്നത് അവര്‍ക്ക് കരുത്ത് പകരും.

പാകിസ്താന്‍ കൂടുതല്‍ വെളിപ്പെടുത്തിയില്ല

സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയുടെ മേധാവിത്വം ഏറ്റെടുക്കുന്നതിനുണ്ടാക്കിയ കരാര്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ആസിഫ് തയ്യാറായില്ല. ഭീകരതക്കെതിരായ പോരാട്ടത്തിനും ഐസിസ് ഉള്‍പ്പെടെയുള്ള സായുധ സംഘത്തിനുമെതിരേയാണ് സൗദി നേതൃത്വത്തില്‍ 39 രാജ്യങ്ങള്‍ ചേര്‍ന്ന് സഖ്യസേന രൂപീകരിച്ചത്.

റിയാദ് ആസ്ഥാനമായ സഖ്യസേന

34 രാജ്യങ്ങളാണ് സഖ്യസേനയില്‍ രൂപീകരണ വേളയിലുണ്ടായിരുന്നത്. പിന്നീട് അഞ്ച് രാജ്യങ്ങള്‍ കൂടി അംഗങ്ങളായി. തുര്‍ക്കി, യുഎഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, തുണീഷ്യ, സുദാന്‍, മലേഷ്യ, ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം സഖ്യസേനയില്‍ അംഗങ്ങളാണ്. സൗദി തലസ്ഥാനമായ റിയാദാണ് സേനാ ആസ്ഥാനം.

ഭിന്നത പരിഹരിച്ചു

2015ല്‍ പാകിസ്താന്‍ സഖ്യസേനയുടെ ഭാഗമാണെന്ന് സൗദി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താന്‍ നേതൃത്വങ്ങളോട് ചര്‍ച്ച ചെയ്യാതെയായിരുന്നു ഈ പ്രഖ്യാപനം. ഇക്കാര്യത്തിലുള്ള അസന്തുഷ്ടി പാകിസ്താന്‍ സൗദി നേതൃത്വങ്ങളെ അറിയിച്ചിരുന്നു.

ശിയാക്കള്‍ക്കെതിരായ സഖ്യസേനയോ?

സൗദി നേതൃത്വത്തിലുള്ളത് സുന്നി സേനാ സഖ്യമാണെന്ന് ആരോപണമുണ്ട്. കാരണം ഇറാന്‍ ഇതില്‍ അംഗമല്ല. ഇറാന്റെ പല നീക്കങ്ങളും പരസ്യമായി എതിര്‍ത്ത് സൗദി രംഗത്ത് വന്നിരുന്നു. ഇറാഖിലും സിറിയയിലും യമനിലും പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലും ഇറാന്‍ സ്വാധീനം ശക്തമാക്കുന്നത് തടയുകയാണ് സൗദി സഖ്യസേനയുടെ ലക്ഷ്യമെന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നു.

പശ്ചിമേഷ്യയില്‍ പാകിസ്താന്‍ ഇടപെടുന്നു!

പാകിസ്താനെ സംബന്ധിച്ചിടത്തോളം സൗദിയുമായും ഇറാനുമായും അവര്‍ക്ക് നല്ല ബന്ധമാണ്. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവര്‍ക്ക് താല്‍പര്യവുമില്ലായിരുന്നു. എന്നാല്‍ മുന്‍ സൈനിക മേധാവിയെ അറബ് സഖ്യസേനയുടെ തലവനാക്കാന്‍ സമ്മതിച്ചത് അവരുടെ പുതിയ തന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയമുണര്‍ന്നിട്ടുണ്ട്.

യമനില്‍ വിജയം കാണാത്ത സഖ്യസേന

സൗദി നേതൃത്വത്തിലുള്ള സഖ്യസേന 2015 മാര്‍ച്ച് മുതല്‍ യമനില്‍ ആക്രമണം നടത്തുന്നുണ്ട്. ഇതില്‍ പങ്കാളിയാവാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിരുന്നില്ല. യമനിലെ ഹൂതി വിമതര്‍ക്കെതിരേ സൗദി നടത്തുന്ന ആക്രമണങ്ങളെ പാകിസ്താന്‍ പ്രത്യക്ഷത്തില്‍ പിന്തുണച്ചിട്ടുമില്ല. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണത്തില്‍ പാകിസ്താന്‍ ഇനി പങ്കാളിയാവുമോ എന്ന് കണ്ടറിയണം.

English summary
General Raheel Sharif, the former Pakistani army chief, will now head the Saudi Arabia-led 39-nation military coalition formed to serve as a platform for security cooperation and combat terrorism. The decision to appoint Raheel, who retired in November 2016, was taken after taking the incumbent government into confidence, Defence Minister Khawaja Asif said.
Please Wait while comments are loading...