ഇമ്രാന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നു; ജാമ്യം നല്‍കി ഹൈക്കോടതി, പ്രക്ഷോഭം അവസാനിച്ചേക്കും
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഹൈക്കോടതി ജാമ്യം നല്‍കി. അദ്ദേഹത്തിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണ് എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് പിടിഐ അധ്യക്ഷനായ ഇമ്രാന്‍ ഖാന് ജാമ്യം ലഭിച്ചത്. അറസ്റ്റും തുടര്‍ന്നുള്ള പ്രക്ഷോഭവും നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.
നേരത്തെ ഹൈക്കോടതിയില്‍ ഹാജരാകാന്‍ എത്തിയ വേളയില്‍ കോടതി വളപ്പില്‍ വച്ചാണ് ഇമ്രാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിലായിരുന്നു നടപടി. തുടര്‍ന്ന് ഇമ്രാന്‍ ഖാനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലവിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും രാജ്യത്ത് സംഘര്‍ഷവും സമരവും ശക്തമായി. സൈനിക കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഇരച്ചുകയറുകയും ചെയ്തിരുന്നു.

ഇസ്ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യമാണ് ഇമ്രാന്‍ ഖാന് നല്‍കിയിരിക്കുന്നത്. നേരത്തെ ഇതേ കോടതി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ശരിവച്ചിരുന്നു. പിന്നീടാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് സാധുതയില്ലാത്തതും നിയമ വിരുദ്ധവുമാണ് എന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചത് വ്യാഴാഴ്ചയാണ്. എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതാണ് മോചനത്തിന് വഴിവെച്ചത്.
ഇന്ന് രാവിലെ കേസില്‍ വാദം കേള്‍ക്കുമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ നടപടികള്‍ വൈകി. രണ്ട് മണിക്കൂറിന് ശേഷമാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് ഇമ്രാന്‍ ഖാനെ കോടതിയിലെത്തിച്ചത്. നൂറുകണക്കിന് പോലീസുകാരെയും അര്‍ധസേനാംഗങ്ങളെയും ഹൈക്കോടതി പരിസരത്ത് വിന്യസിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഇമ്രാന്‍ ഖാനെ പുറത്താക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇമ്രാന്‍ ഖാന് സാധിക്കാതെ വന്നു. പ്രധാനമന്ത്രി പദം നഷ്ടമായ പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു. അതിലൊന്നാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്. ഈ കേസിലാണ് മൂന്ന് ദിവസം മുമ്പ് ഹൈക്കോടതിയില്‍ വച്ച് ഇമ്രാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ വാദം കേള്‍ക്കലിന് എത്തിയതായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ ഈ വേളയില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് അദ്ദേഹത്തിന്റെ വാഹനം വളയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ബലമായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പിടിഐ പ്രവര്‍ത്തകര്‍ ഇളകിയതും അക്രമസമരം തുടങ്ങിയതും. 10 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications