ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ യുദ്ധത്തിന്; ഫെബ്രുവരി പത്തിന് ആക്രമണം തുടങ്ങണമെന്ന് എംപിമാര്‍
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് പാകിസ്താന്‍ പാര്‍ലമെന്റില്‍ ആവശ്യം. ഒരുകൂട്ടം എംപിമാരാണ് ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ആരംഭിക്കണമെന്ന് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ആവശ്യപ്പെട്ടതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 10 ന് പാകിസ്താന്‍ പ്രധാനമന്ത്രി യുദ്ധം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജംഇയ്യത്തുല്‍ ഉലമയെ ഇസ്ലാം ഫസല്‍ എന്ന പാര്‍ട്ടിയുടെ എംപിമാരാണ് ഇന്ത്യയുമായുള്ള യുദ്ധത്തിന് വേണ്ടി പാകിസ്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. കശ്മീര്‍ വിഷയമാണ് അവര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടിയത്. ആഗോള സമൂഹത്തിന്റെ ഇടപെടല്‍ കശ്മീര്‍ വിഷയത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വിശദാംശങ്ങള്‍.....

പരിഹാരം കാണണമെങ്കില്‍
കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണണമെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നാണ് ജെയുഐഎഫ് നേതാവ് മൗലാന അബ്ദുല്‍ അക്ബര്‍ ചിത്രാലി അഭിപ്രായപ്പെട്ടത്. പാകിസ്താന്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുമെന്നും കശ്മീര്‍ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ ആരോപണം
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത് അവിടെയുള്ള ജനങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് പാകിസ്താന്‍ എംപിമാര്‍ ആരോപിക്കുന്നു.

പിന്തുണച്ച് എംപിമാര്‍
അതേസമയം, ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന ചിത്രാലിയുടെ ആവശ്യത്തെ പിന്തുണച്ച് ഒട്ടേറെ എംപിമാര്‍ രംഗത്തുവന്നുവെന്ന് ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിനെ സ്വതന്ത്രമാക്കണമെങ്കില്‍ യുദ്ധം മാത്രമാണ് പോംവഴി എന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു. 1974ലെ വിഭജന പദ്ധതി അതുവഴി പൂര്‍ത്തിയാകുമെന്നും അവര്‍ പറയുന്നു.

മുസ്ലിം രാജ്യങ്ങള്‍ക്ക് വിമര്‍ശനം
കശ്മീര്‍ വിഷയത്തില്‍ ഇടപെടാത്ത മുസ്ലിം രാജ്യങ്ങളുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് ഖവജ ആസിഫ് പ്രസംഗിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ചത്ത സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതാനും രാജ്യങ്ങള്‍ മാത്രമാണ് കശ്മീരിന് വേണ്ടി ശബ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്‍ ഖാന് മൗനം
ഇന്ത്യയ്‌ക്കെതിരെ യുദ്ധം വേണമെന്ന ചര്‍ച്ച പാകിസ്താന്‍ പാര്‍ലമെന്റില്‍ നാല് മണിക്കൂറോളം നീണ്ടു. ഇന്ത്യയെ ആക്രമിച്ച് കശ്മീരിനെ മോചിപ്പിക്കണമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൗനം പാലിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് അഞ്ചിന് സുപ്രധാന നടപടി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം.

ലഡാക്കില്‍ നിയമസഭയില്ല
അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് കേന്ദ്രം റദ്ദാക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ നടപടിയാണ് പാകിസ്താനെ ചൊടിപ്പിച്ചത്. പിന്നീട് ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ പാകിസ്താന്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താന്റെ പ്രതികാര നടപടികള്‍
ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും പാകിസ്താന്‍ വിച്ഛേദിച്ചിരിക്കുകയാണ്. പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ യാത്രാ സൗകര്യങ്ങളും പോസ്റ്റല്‍ സംവിധാനവും റദ്ദാക്കി. പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കുന്നതിനും ഇന്ത്യയ്ക്ക് നിലവില്‍ വിലക്കുണ്ട്. കശ്മീര്‍ പാകിസ്താന്റെ ഭാഗമാണെന്നാണ് പാക് എംപിമാരുടെ നിലപാട്.
എന്തുകൊണ്ട് ബിജെപി മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല; ഇതാണ് കാര്യം, എങ്ങനെ നിര്‍ത്തും?