ഇസ്രായേല്‍ പെട്ടുപോയേനെ... എതിര്‍ത്തത് ആ 9 രാജ്യങ്ങള്‍, സൗദി അറേബ്യയിലെ യോഗത്തില്‍ നടന്നത്
റിയാദ്: അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇസ്രായേലിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പിരിഞ്ഞത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രതിരോധത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാടെടുത്തു.
എന്നാല്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്നും അവരുമായി എല്ലാ ബന്ധങ്ങളും ഒഴിയണമെന്നും ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ക്ക് അറബ് രാജ്യങ്ങളുടെ വ്യോമപാത അനുവദിക്കരുതെന്നും ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന് കൂടുതല്‍ കുരുക്കാകുന്ന ഈ ചര്‍ച്ച യോഗത്തില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒമ്പത് രാജ്യങ്ങള്‍ എതിര്‍ത്തതോടെ ആ തീരുമാനം വന്നില്ല.

ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12ലെ അറബ് കാര്യ നിരീക്ഷകനായ എഹൂദ് യാരിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന നിര്‍ദേശം സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു.
സൗദി അറേബ്യയ്ക്കും യുഎഇക്കും പുറമെ, ജോര്‍ദാന്‍, ഈജിപ്ത്, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ, മൗറിത്താനിയ, ജിബൂത്തി എന്നീ രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ എതിര്‍ത്തുവെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ യോഗ ശേഷം ഇറക്കിയ പ്രസ്താവനയില്‍ ഇതുസംബന്ധിച്ച് യാതൊരു സൂചനയുമില്ല. അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.
ഇസ്രായേലുമായുള്ള എല്ലാ ബന്ധവും നിര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് അള്‍ജീരിയ ആണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഘട്ടത്തില്‍ ഇസ്രായേലുമായുള്ള ബന്ധം നിര്‍ത്തുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടുവത്രെ. ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ആവശ്യപ്പെട്ടു.
ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിച്ച് അവരെ ഒറ്റപ്പെടുത്തണമെന്ന നിര്‍ദേശം നേരത്തെ ഇറാന്‍ പരസ്യമായി മുന്നോട്ടുവച്ചിരുന്നു. മാത്രമല്ല, ഇസ്രായേലിന് ആയുധം നല്‍കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. പലസ്തീന്‍ വിഷയത്തില്‍ അറബ് ജനതക്കിടയില്‍ ഇറാന്‍ സ്വാധീനം ശക്തമാക്കുന്നുവെന്ന നിരീക്ഷണവുമുണ്ട്.
ഒഐസി യോഗം നവംബര്‍ 11നും അറബ് ലീഗ് ഉച്ചകോടി 12നും നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഗാസയിലെ പ്രത്യേക സാഹചര്യത്തില്‍ സൗദി ഇടപെട്ട് രണ്ട് യോഗങ്ങളും ഒരുമിച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇറാന്‍ പ്രസിഡന്റ് 11 വര്‍ഷത്തിന് ശേഷം സൗദിയിലെത്തിയ യോഗം കൂടിയാണ് നടന്നത്. പലസ്തീനികളുടെ ഷാള്‍ ധരിച്ചാണ് പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി റിയാദിലെത്തിയത്.












Click it and Unblock the Notifications