ലോകകപ്പിന് പിന്നാലെ ഖത്തറിന് മറ്റൊരു നേട്ടം കൂടി; തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഒന്നാമത്
ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നേട്ടം തുടര്‍ച്ചയായ അഞ്ചാം വട്ടവും സ്വന്തമാക്കി ഖത്തര്. നംബിയോ ക്രൈം ഇന്‍ഡെക്സ് കണ്‍ട്രി 2023 ലിസ്റ്റ് പ്രകാരമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നേട്ടം ഖത്തറിനെ തേടി വീണ്ടും എത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് സംഘാടനത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് അതുല്യനേട്ടം എന്നത് ഖത്തറിന് മറ്റൊരു പൊന്‍തൂവലായി.
2019 മുതല്‍ ഖത്തര്‍ ആണ് നംബിയോ ക്രൈം ഇന്‍ഡെക്സ് കണ്‍ട്രി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2017 ലും ഖത്തര്‍ ആയിരുന്നു ഒന്നാമത്. എന്നാല്‍ 2018 ലെ ലിസ്റ്റില്‍ ജപ്പാന്‍ ആയി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം. എന്നാല്‍ 2019 സ്ഥാനം തിരിച്ചുപിടിച്ച ഖത്തറിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

നംബിയോ ക്രൈം ഇന്‍ഡെക്സ് പ്രകാരം ഖത്തറില്‍ 14.8 ആണ് കുറ്റകൃത്യ സൂചിക. സുരക്ഷാ സൂചിക 85.2 ഉം ആണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 13.8, 86.2 എന്നിങ്ങനെ ആയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ നാല് ഗള്‍ഫ് രാഷ്ട്രങ്ങളാണ് ഉള്ളത്. യു എ ഇ (രണ്ടാം സ്ഥാനം), ഒമാന്‍ ( അഞ്ചാം സ്ഥാമനം), ബഹ്‌റിന്‍ ( പത്താം സ്ഥാനം) എന്നിങ്ങനെ ആണ് ലിസ്റ്റിലെ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സ്ഥാനം.

സൗദി അറേബ്യ 12-ാം സ്ഥാനത്താണ്. അതേസമയം സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലും ഗള്‍ഫ് നഗരങ്ങള്‍ക്കാണ് മുന്‍തൂക്കം. സുരക്ഷിത നഗരങ്ങളില്‍ ഒന്നാം സ്ഥാനം അബുദാബിക്കും രണ്ടാം സ്ഥാനം ദോഹക്കുമാണ്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ദോഹ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത്. ആദ്യ പത്തില്‍ യു എ ഇ നഗരങ്ങളായ അജ്മാന്‍, ഷാര്‍ജ, ദുബായ് എന്നിവയും ഉണ്ട്.

കഴിഞ്ഞ വര്‍ഷം, ആഗോള സമാധാന സൂചിക മിഡില്‍ ഈസ്റ്റ്, ഉത്തര ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തതും ഖത്തറിനെ ആയിരുന്നു. അതേസമയം ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം വെനസ്വലയാണ്. ഇവിടെ കുറ്റകൃത്യ സൂചിക 82.6ഉം സുരക്ഷാ സൂചിക 17.4ഉം ആണ്. 2022 ലും വെനസ്വേല തന്നെയായിുന്നു അവസാന സ്ഥാനത്ത്.

പാപുവ ന്യൂ ഗിനിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഹോണ്ടുറസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഗയാന, സിറിയ, സോമാലിയ, ജമൈക്ക എന്നിവയാണ് ഏറ്റവും സുരക്ഷിതമല്ലാത്ത മറ്റ് ഒമ്പത് രാജ്യങ്ങള്‍ എന്നാണ് നംബിയോ ക്രൈം ഇന്‍ഡക്സ് പറയുന്നത്. 142 രാജ്യങ്ങളില്‍ നടത്തിയ സര്‍വെ പ്രകാരമാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.












Click it and Unblock the Notifications