ഒറ്റ ദിവസം ബംഗ്ലാദേശിലെത്തിയത് 18,000 റോഹിംഗ്യന്‍ മുസ്ലിംകള്‍; അഭയാര്‍ഥികള്‍ നാലു ലക്ഷം കടന്നു!

  • Posted By:
Subscribe to Oneindia Malayalam

ധാക്ക: മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യവും ബുദ്ധമതാനുയായികളും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങളുടെ ഫലമായി ഒറ്റദിവസം കൊണ്ട് 18,000 പേര്‍ ബംഗ്ലാദേശിലെത്തിയതായി യു.എന്‍. ആഗസ്ത് 25ന് തുടങ്ങിയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മ്യാന്‍മറിലെ റഖിനെ സംസ്ഥാനത്തുനിന്ന് ഇതിനകം നാലു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായെത്തിയതായും യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് വക്താവ് അറിയിച്ചു.

അഭയാര്‍ഥികളെ താങ്ങാനാവാതെ ബംഗ്ലാദേശ്

അഭയാര്‍ഥികളെ താങ്ങാനാവാതെ ബംഗ്ലാദേശ്

മ്യാന്‍മറില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയെത്തുന്ന ആബാലവൃദ്ധം ജനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടുകയാണ് ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ കോക്‌സ് ബസാര്‍. നേരത്തേ തന്നെ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്ന ക്യാംപുകളില്‍ കൂടുതല്‍ പേര്‍ പെട്ടെന്ന് എത്തിച്ചേര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ബംഗ്ലാദേശ് അധികൃതര്‍.
ക്യാംപില്‍ കഴിയുന്നവര്‍ക്കാവശ്യമായ അവശ്യവസ്തുക്കള്‍ പോലും വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. നിലവിലുള്ളവര്‍ക്ക് തന്നെ വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിക്കുന്നില്ല. ഭൂരിപക്ഷം പേര്‍ക്കും താല്‍ക്കാലിക ടെന്റ് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ സംവിധാനമില്ല. വെള്ളിയാഴ്ച ക്യാംപിനു സമീപം സ്വകാര്യ ഏജന്‍സി വസ്ത്രങ്ങള്‍ വിതരണം ചെയ്യവെ തിക്കിലും തിരക്കിലും പെട്ട് അഭയാര്‍ഥികളായ രണ്ട് കുട്ടികളും ഒരു സ്തീയും മരിച്ചിരുന്നു.

ബംഗ്ലാദേശ് നേതാവ് യു.എസ്സിലേക്ക്

ബംഗ്ലാദേശ് നേതാവ് യു.എസ്സിലേക്ക്

അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന അമേരിക്കയിലേക്ക് ശനിയാഴ്ച യാത്ര തിരിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ റോഹിംഗ്യന്‍ വംശഹത്യ അവസാനിപ്പിക്കാന്‍ മ്യാന്‍മറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോക രാഷ്ട്രങ്ങളോട് അവര്‍ ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് നസ്‌റുല്‍ ഇസ്ലാം പറഞ്ഞു. റഖിനെ സ്റ്റേറ്റിലെ അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ മ്യാന്‍മറിനോട് ആവശ്യപ്പെടുന്നതോടൊപ്പം അവിടേക്കൊരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറലിനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മ്യാന്‍മര്‍ പ്രതിനിധിയെ മൂന്നു തവണ വിളിച്ചുവരുത്തി

മ്യാന്‍മര്‍ പ്രതിനിധിയെ മൂന്നു തവണ വിളിച്ചുവരുത്തി

മ്യാന്‍മര്‍ സൈനിക ഹെലികോപ്റ്ററുകളും ഡ്രോണ്‍ വിമാനങ്ങളും ബംഗ്ലാദേശ് വ്യോമാതിര്‍ത്തി ലംഘിച്ചതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ മ്യാന്‍മര്‍ സ്ഥാനപതിയെ മൂന്നു തവണ ബംഗ്ലാദേശ് വിളിച്ചുവരുത്തിയതായി വിദേശകാര്യമന്ത്രി മഹ്മൂദ് അലി അറിയിച്ചു. സപ്തംബര്‍ 10നും 14നുമിടയില്‍ നടത്തിയ അതിര്‍ത്തി ലംഘനത്തിന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് സ്ഥാനപതിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനോടുള്ള മ്യാന്‍മറിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ തുടരുന്ന അതിക്രമങ്ങളിലും അഭയാര്‍ഥികളോടുള്ള സമീപനത്തിലും മ്യാന്‍മര്‍ പ്രതിനിധിയെ ബംഗ്ലാദേശ് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

 കുഴിബോംബ് പൊട്ടി അഭയാര്‍ഥികള്‍ മരിക്കുന്നു

കുഴിബോംബ് പൊട്ടി അഭയാര്‍ഥികള്‍ മരിക്കുന്നു

അതിര്‍ത്തിയില്‍ കുഴിബോംബ് പാകിയ മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിക്കെതിരേയും ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചു. വളരെ രഹസ്യമായി രാത്രിയുടെ മറവിലാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ ഏജന്റുമാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കുഴിബോംബുകള്‍ പാകിയത്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മ്യാന്‍മറിലേക്ക് തിരിച്ചുപോകുന്നത് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് പലായനം ചെയ്‌തെത്തുന്ന നിരവധി പേര്‍ കുഴിബോംബുകള്‍ പൊട്ടി കൊല്ലപ്പെടുകയോ അംഗവൈകല്യത്തിന് ഇരയാവുകയോ ചെയ്തതായും ബംഗ്ലാദേശ് ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
More than 400,000 Rohingya have fled Myanmar into Bangladesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്