റഷ്യയോട് സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് ഹാക്കര്‍മാര്‍; ആര്‍ ടി ന്യൂസ് വെബ്‌സൈറ്റടക്കം ഹാക്ക് ചെയ്തു
മോസ്‌കോ: യുക്രൈനില്‍ ആക്രമണം തുടരുന്നതിനിടെ റഷ്യയിലെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസ് ആണ് റഷ്യയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റായ ആര്‍ടി ന്യൂസ് അടക്കമുള്ളവയാണ് ഹാക്ക് ചെയ്തിരിക്കുന്നത്. അതേസമയം അല്‍പസമയത്തിന് ശേഷം ആര്‍ടി ന്യൂസ് വൈബ്‌സൈറ്റ് തിരിച്ചുപിടിച്ചു. റഷ്യന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ കോം 2 കോം, പി ടി ടി ടെലിപോര്‍ട്ട് മോസ്‌കോ, റെല്‍കോം സോവം ടെലിപോര്‍ട്ട് എന്നിവയും ഹാക്ക് ചെയ്തിട്ടുണ്ട്. തങ്ങള്‍ നിലവില്‍ റഷ്യന്‍ ഫെഡറേഷനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യന്‍ സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ളതാണ്.
എന്നാല്‍ അത് സ്വകാര്യ മേഖലയെയും ബാധിക്കുമെന്നത് അനിവാര്യതയാണ്,'' 6.4 ദശലക്ഷം ഫോളോവേഴ്സുള്ള അനോണിമസ് അക്കൗണ്ട് ട്വീറ്റ് ചെയ്തു. പ്രതികാരത്തെ ഭയന്ന് തങ്ങളുടെ സ്വേച്ഛാധിപതിക്കെതിരെ സംസാരിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് തങ്ങള്‍ക്കറിയാമെന്ന് റഷ്യന്‍ ജനത മനസ്സിലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ലോകത്ത് സമാധാനം മാത്രമാണ്. എല്ലാ മനുഷ്യരുടെയും ഭാവിയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍, ലോകമെമ്പാടുമുള്ള ആളുകള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ദാതാക്കളെ തകര്‍ക്കുമ്പോള്‍, അത് പൂര്‍ണ്ണമായും റഷ്യന്‍ ഗവണ്‍മെന്റിന്റെയും പുടിന്റെയും പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണെന്ന് മനസ്സിലാക്കുക, ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.

മറ്റൊരു അജ്ഞാത അക്കൗണ്ട് ക്രെംലിന്‍, റഷ്യന്‍ സര്‍ക്കാര്‍, റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകള്‍ ഓഫ്ലൈനില്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫെഡറല്‍ ആന്റിമോണോപൊളി സര്‍വീസ് ഓഫ് റഷ്യ വെബ്സൈറ്റ് കുറച്ച് സമയത്തേക്ക് ഹാക്ക് ചെയ്തതായി മറ്റൊരു ഹാക്കറും വെളിപ്പെടുത്തി. നേരത്തെ റഷ്യന്‍ സൈബര്‍ സേന നിരവധി യുക്രേനിയന്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വെബ്സൈറ്റുകളില്‍ ആക്രമണം നടത്തിയിരുന്നു. യുക്രൈന്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നെന്നും നിരവധി സര്‍ക്കാര്‍ വെബ്സൈറ്റുകളും ബാങ്കുകളും റഷ്യന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുവെന്നും യുക്രേനിയന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു.

പ്രതിരോധത്തിനായി രാജ്യത്തെ ഹാക്കര്‍മാരുടെ സേവനം യുക്രൈന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയ്‌ക്കെതിരെ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ഹാക്കര്‍ ശൃംഖലയിലെ പ്രധാനികളാണ് അനോണിമസ്. ഇതിലെ അംഗങ്ങള്‍ അനോണ്‍സ്' എന്നാണ് അറിയപ്പെടുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു യുക്രൈന്‍ ആക്രമിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടത്. എതിര്‍ക്കുന്ന ലോകരാജ്യങ്ങള്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിയിരുന്നു. 137 പേരാണ് ആദ്യദിനം റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ അറിയിച്ചിരുന്നു.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ശക്തമായിരിക്കുകയാണ്. അതേസമയം റഷ്യയുടെ നടപടിയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. ന്യൂയോര്‍ക്കിലും പാരീസിലും കഴിഞ്ഞ ദിവസം യുദ്ധ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ബ്രിട്ടനും റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ശക്തമായ സൈനിക ശക്തിയുടെ അഭാവത്തിലും റഷ്യയ്‌ക്കെതിരെ ചെറുത്ത് നില്‍പ്പ് തുടരുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈനിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് യുക്രൈന്‍ പറയുന്നത്.
Recommended Video

വ്യാഴാഴ്ച വൈകീട്ടോടെ ചെര്‍ണോബില്‍ പവര്‍ പ്ലാന്റിന്റെ സമ്പൂര്‍ണ നിയന്ത്രണം റഷ്യ ഏറ്റെടുത്തിരുന്നു. യുദ്ധ ഭീതിയ്ക്കിടെ നിരവധി പേര്‍ യുക്രൈനില്‍ നിന്നും പലായനം ചെയ്യുകയാണ്. ഒരു ലക്ഷത്തിലധികം യുക്രൈന്‍ ജനത വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുവെന്ന് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും മോള്‍ഡോവ, റൊമാനിയ എന്നീ അതിര്‍ത്തി രാജ്യങ്ങളിലേക്കാണ് ജനങ്ങള്‍ പലായാനം ചെയ്തത്. യുക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്ന് രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications