സെലന്‍സ്‌കിയുടെ മുന്നറിയിപ്പിനു പിന്നാലെ പുടിന്റെ ഔദ്യോഗിക വാഹനം പൊട്ടിത്തെറിച്ചു; വധശ്രമമെന്ന് ആശങ്ക
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനങ്ങളിലൊന്ന് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍. 356,000 ഡോളറോളം വിലവരുന്ന പുടിന്റെ ഓറസ് സെനറ്റ് ലിമോസിന്‍ എന്ന കാറിനാണ് തീപിടിച്ചത്. ആഡംബര കാറിന്റെ എഞ്ചിന് തീപിടിച്ച് പിന്നീട് കാറിന്റെ ഉള്‍ഭാഗത്തേക്ക് തീ പടരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എന്‍ജിനില്‍ ആദ്യം തീപിടിക്കുകയും പിന്നാലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തെന്നാണ് വിവരം. തീപിടിത്തമുണ്ടായ സമയത്ത് കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഫോടനത്തിന്റെ പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. കാര്‍ തീ പിടിച്ചതിന് പിന്നില്‍ കൊലപാതക ഗൂഢാലോചന ഉണ്ടെന്ന തരത്തിലുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്.
റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് മോശം വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ പുടിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പുടിന്‍ ഉടന്‍ മരിക്കുമെന്നായിരുന്നു പരാമര്‍ശം. ഈ മുന്നറിയിപ്പിനു പിന്നാലെയാണ് മോസ്‌കോയില്‍ പുടിന്റെ കാറില്‍ സ്‌ഫോടനം ഉണ്ടായത്. സെലന്‍സ്‌കിയുടെ മുന്നറിയിപ്പുമായി ചേര്‍ത്തുവച്ചാണ് സ്ഫോടനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
വ്ളാഡിമിര്‍ പുടിന്‍ റഷ്യന്‍ നിര്‍മിത ഓറസ് വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. ഇത്തരം വാഹനങ്ങള്‍ ഉത്തരകൊറിയയുടെ കിം ജോങ് ഉന്‍ ഉള്‍പ്പെടെയുള്ള വിദേശ നേതാക്കള്‍ക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്. ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാറിനു തീപിടിച്ചതിനെ തുടര്‍ന്ന് മോസ്‌കോയില്‍ സുരക്ഷ കര്‍ശനമാക്കി.












Click it and Unblock the Notifications