
കലാപം, ഫത്വ, പലായനം;'സാത്താനിക് വേഴ്സസ്' മാറ്റി മറിച്ച റുഷ്ദിയുടെ ജീവിതം
ഒരു പുസ്തകം മാറ്റി മാറിച്ച ജീവിതമാണ് സൽമാൻ റുഷ്ദിയുടേത്. 1988 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച 'സാത്താനിക് വേഴ്സസ്'എന്ന തന്‍റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ വധഭീഷണികളും വര്‍ഷങ്ങളുടെ ഒളിവ് ജീവിതവുമായിരുന്നു.മത നിന്ദയായിരുന്നു പുസ്തത്തിന് എതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
1988ല്‍ തന്നെ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു.ഇതിന് പിന്നാലെയാണ് വധഭീഷണി ഉയരുന്നത്. 33 വര്‍ഷത്തെ റുഷ്ദിയുടെ ജീവതവും,
അതിജീവനത്തിന്റെയും പലായനത്തിന്റയും ചരിത്രം വിശദമായി പരിശോധിക്കാം
കഴുത്തിനും മുഖത്തും ഗുരുതര പരിക്ക്; റുഷ്ദി വെന്റിലേറ്ററിൽ, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും

ജനനവും സാഹിത്യവും
1947 ജൂൺ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. 14 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലേക്ക്. പിന്നീട് കേംബ്രിജിലെ കിങ്സ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടീഷ് പൗരനായി. ആദ്യ പുസ്തകം ഗ്രിമസ് കാര്യമായി വായനക്കാർ സ്വീകരിച്ചില്ല. അഞ്ചാണ്ടിനു ശേഷമാണ് 1981ലെ ബുക്കർ പ്രൈസ് നേടിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ വായനക്കാരിലെത്തുന്നത്.

മാജിക്കൽ റിയലിസവും ചരിത്രവും കാൽപനികതയുമാണ് മിക്ക കൃതികളുടെയും ഇതിവൃത്തം. എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. എങ്കിലും, അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

വിവാദവും ഫത്വയും
1988ല്‍ തന്റെ 'സാത്താനിക് വേഴ്സസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് മുതലാണ് സല്‍മാൻ റുഷ്ദിയുടെ ജീവിതം മാറിമറിയുന്നത്. മതനിന്ദ ആരോപിച്ച് പുസ്തകം ഇറാനിന്‍ നിരോധിച്ചു. പിന്നാലെ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റഷ്ദിക്കെതിരെ ഫത്വ (മതശാസന) പുറപ്പെടുവിച്ചു. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യു.എസ് ഡോളറായിരുന്നു ഇനാം. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും ഇനാമായി പ്രഖ്യാപിച്ച തുക ഉയർത്തിയാണ് അതിനെ ഇറാൻ തള്ളിയത്. പിന്നീട് അതിജീവനത്തിനായുള്ള പലായനമായിരുന്നു.ഒളിവില്‍ പോകാൻ അദേഹം നിര്‍ബന്ധിതനായി.

പ്രതിഷേധങ്ങളും കലാപവും
വിവാദങ്ങളെ തുടര്‍ന്നുണ്ടായ റുഷ്ദി വിരുദ്ധ കലാപത്തില്‍ സാതാനിക് വേഴ്‌സസിന്റെ പകര്‍പ്പുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുസ്തകത്തിന്റെ പ്രസിദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. ജപ്പാന്‍, ഇംഗ്ലണ്ട്, തുര്‍ക്കി, ഇറ്റലി, അമേരിക്ക, നോര്‍വേ തുടങ്ങിയ പല രാജ്യങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനും ബ്രിട്ടണും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാന്‍ പോലും റുഷ്ദിയുടെ പുസ്തകം കാരണമായി.റുഷ്ദി വിരുദ്ധ കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു. തെഹ്‌റാനിലെ ബ്രിട്ടീഷ് എംബസിക്ക് കല്ലേറുണ്ടായി. പ്രസാധകരായ വൈക്കിങ് പെൻഗ്വിന്റെ ലണ്ടൻ ഓഫിസുകളിൽ പ്രതിഷേധിക്കുകയും ന്യൂയോർക് ഓഫിസിൽ വധഭീഷണി ലഭിക്കുകയും ചെയ്തു

റുഷ്ദിയുടെ ആദ്യ പ്രതികരണം
സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ച് 1989-ൽ ചാനൽ 4-ന് നൽകിയ അഭിമുഖത്തിൽ റുഷ്ദി പ്രതികരിച്ചിരുന്നു. "നിങ്ങൾക്ക് ഒരു പുസ്തകം വായിക്കാൻ താൽപര്യമില്ലെങ്കിൽ, നിങ്ങൾ അത് വായിക്കേണ്ടതില്ല. സാത്താനിക് വേഴ്‌സസിന് ദീർഘമായ വായന ആവശ്യമാണ്. ഇതിൽ കാൽ ദശലക്ഷം വാക്കുകളുണ്ട്." എന്നായിരുന്നു പ്രതികരണം.

നോവന്‍റെ ഉള്ളടക്കം
ഇന്ത്യൻ മുസ്‌ലിം വംശജരായ അഭിനേതാക്കളായ ജിബ്രീൽ ഫാരിഷ്ടയുടെയും സലാദിൻ ചാംചയുടെയും കഥയാണ് സാത്താനിക് വേഴ്‌സസ് പറയുന്നത്, വിമാനാപകടത്തിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലും അതിന് ശേഷമുള്ള പരിവർത്തനവുമാണ് നോവലിലുള്ളത്. നോവൽ പുറത്തിറങ്ങിയപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് അനുകൂലമായ നിരൂപണങ്ങൾ ലഭിച്ചു. 1988 ലെ വിറ്റ്ബ്രഡ് അവാർഡ് നേടുകയും 1988 ലെ ബുക്കർ പ്രൈസിനുള്ള അവസാന പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.

മറ്റ് രാജ്യങ്ങളിലെ നിരോധനം
പുസ്തകത്തിനെതിരായ വിമര്‍ശനം രൂക്ഷമാകുകയും, വിവാദവും കലാപവും പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ പുസ്തകം നിരോധിച്ചിരുന്നു.നോവൽ പ്രസിദ്ധീകരിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജീവ് ഗാന്ധി സർക്കാർ പുസ്തകം നിരോധിച്ചു. യുകെയിലും പ്രതിഷേധം ശക്തമായി. വർഷാവസാനത്തോടെ,പാകിസ്താനും,ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സുഡാൻ, കെനിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ പുസ്തകം നിരോധിച്ചു. മറ്റ് രാജ്യങ്ങളും ഇത് പിന്തുടർന്നു.

ഒളിവ് ജീവിതവും, പൊതുവിടങ്ങളിലേക്കും
അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ 9 വർഷം സല്‍മാൻ റുഷ്ദി ഒളിവിൽ കഴിഞ്ഞു. അംഗരക്ഷകരുടെയും സുരക്ഷ സേവനങ്ങളുടെയും കനത്ത കാവലിൽ ഇടയ്ക്കിടെ താമസം മാറി. പിന്നീട് ഖുമൈനിയുടെ ശാസനയിൽനിന്ന് ഇറാൻ അകലം പാലിച്ചു. 1998ൽ റുഷ്ദിക്കെതിരായ വധശിക്ഷ ഇറാൻ ഔദ്യോഗികമായി പിൻവലിച്ചു.1998 ന് ശേഷം മാത്രമാണ് റുഷ്ദി പൊതുവിടങ്ങളിൽ വീണ്ടും എത്തിയത്. വീണ്ടും നോവലുകൾ എഴുതുന്നത് തുടർന്നു.

മികച്ച പുസ്തകത്തിനുള്ള കോമൺവെൽത്ത് റൈറ്റേഴ്‌സ് പുരസ്കാരം ലഭിച്ചു.ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 വര്‍ഷക്കാലമായി അമേരിക്കയിലാണ് താമസം. ഫത്വ കാലത്തെക്കുറിച്ച് റഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു. പിന്നീടിങ്ങോട്ട് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടാകുന്നത് വരെ അദേഹം സാധാരണ ജീവിതമാണ് നയിച്ചിരുന്നത്.
Recommended Video
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..