എല്ലാം അമേരിക്കയുടെ അനുഗ്രഹം: ഇന്ത്യ വീണ്ടും സൗദിക്കും ഇറാഖിനും പുറകെ: യുഎഇയുമായും അപൂർവ്വ ഇടപാട്
അമേരിക്കന്‍ ഉപരോധം റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ശക്തമാക്കി ഇന്ത്യ. രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി) ടെൻഡർ വഴി 7 ദശലക്ഷം ബാരൽ സ്പോട്ട് മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ ക്രൂഡ് ഓയിലുകള്‍ വാങ്ങിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അപൂർവ്വമായി മാത്രം വാങ്ങാറുള്ള അബുദാബിയുടെ മർബന്‍ ക്രൂഡും ഐ ഒ സി സ്വന്തമാക്കിയ ഉള്‍പ്പെടുന്നു.
ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയത്. ഉക്രൈന്‍ യുദ്ധത്തിലേക്കുള്ള സാമ്പത്തിക സ്രോതസ് വെട്ടിച്ചുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക റഷ്യയുടെ പ്രധാന വരുമാന മാർഗ്ഗമായ ക്രൂഡ് ഓയില്‍ വിതരണത്തിനുമേലുള്ള നടപടികള്‍ ഊർജ്ജിതമാക്കിയത്.

2022 ല്‍ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ തന്നെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അടങ്ങുന്ന പാശ്ചാത്യചേരി റഷ്യന്‍ ക്രൂഡ് ഓയിലിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് കൂടുതല്‍ വില ഇളവുകളോടെ റഷ്യ ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതി ശക്തമാക്കിയത്. ഇതോടെ പരമ്പരാഗത വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരുമായി മാറി.
അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയുമെന്നും ഈ സാഹചര്യത്തില്‍ ഗുണം ലഭിക്കാന്‍ പോകുന്നത് സൗദി അറേബ്യയും ഇറാഖുമൊക്കെ അടങ്ങുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ആയിരിക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധർ പങ്കുവെച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. കൂടുതല്‍ ഇന്ത്യൻ റിഫൈനർമാർ പശ്ചിമേഷ്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കായി തയ്യാറെടുക്കുകയാണ്.
ഫ്രഞ്ച് പ്രമുഖ ടോട്ടൽ എനർജീസിൻ്റെ ട്രേഡിംഗ് യൂണിറ്റായ ടോട്‌സ 2 ദശലക്ഷം ബാരൽ മർബൻ ക്രൂഡ് കാർഗോ ഡെലിവറി അടിസ്ഥാനത്തിൽ ഐ ഒ സിക്ക് വിറ്റതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാന റിഫൈനർമാരും സ്പോട്ട് പർച്ചേസുകൾക്കായുള്ള ടെൻഡറുകൾ ഉടന്‍ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, അംഗോള എന്നിവിടങ്ങളില്‍ നിന്നും ഐ ഒ സി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
യുഎസ് അനുമതിയുള്ള ടാങ്കറുകൾക്ക് മാർച്ച് വരെ ക്രൂഡ് വിതരണം ചെയ്യാൻ അനുമതിയുള്ളതിനാൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിൽ വലിയ തടസ്സം നേരിടില്ലെന്ന വിലയിരുത്തലുമുണ്ട്. ഇതിനോടകം ഇടപാടുകള്‍ പൂർത്തീകരിച്ച ചരക്കുകള്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തും. എന്നാല്‍ ഇപ്പോള്‍ തന്നെ എണ്ണക്കായി ബദല്‍ മാർഗ്ഗങ്ങള്‍ ഉറപ്പുവരുത്തുകയാണ് റിഫൈനറികള്‍.
ഏത് വിധേനയും തങ്ങളുടെ എണ്ണ വിപണിയിൽ എത്തിക്കാനുള്ള വഴികള്‍ റഷ്യയും തേടിയേക്കാം എന്നതിനാല്‍ റഷ്യന്‍ ക്രൂഡിന്റെ വരവ് പൂർണ്ണമായി അടയാനും സാധ്യതയില്ല. അതേസമയം അളവില്‍ വലിയ തോതില്‍ കുറവുണ്ടായെങ്കിലും ഡിസംബറിലും റഷ്യയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാർ. സമീപകാലത്തെ ഏറ്റവും വലിയ നേട്ടവുമായി ഇറാഖും സൗദി അറേബ്യയും തൊട്ടുപിന്നിലുണ്ട്.












Click it and Unblock the Notifications