സൗദി അറേബ്യ കട്ടക്ക് കൂടെ; ചൈനയുടെ നീക്കം വിജയിക്കില്ല, വിളവെടുപ്പ് കൂട്ടാന്‍ ജെപി നദ്ദ റിയാദില്‍
റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്രൂഡ് ഓയിലിന് വേണ്ടി മാത്രമല്ല ഇന്ത്യ സൗദി അറേബ്യയെ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ രാസവളം മന്ത്രി ജെപി നദ്ദ സുപ്രധാന കരാറുകള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള രാസവളം ഇടപാടിന് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.
ഇന്ത്യന്‍ കമ്പനികളും സൗദിയിലെ ഖനന കമ്പനി മഅദിനുമാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതുപ്രകാരം ഓരോ വര്‍ഷവും 31 ലക്ഷം മെട്രിക് ടണ്‍ ഡൈഅമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. വേണ്ടി വന്നാല്‍ മറ്റൊരു അഞ്ച് വര്‍ഷം കൂടി കരാര്‍ തുടരും. ഇതില്‍ വലിയ തിരിച്ചടി ലഭിക്കുന്നത് ചൈനയ്ക്കാണ്...

കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രധാന രാസവളമാണ് ഡിഎപി. വിളകള്‍ക്ക് നൈട്രജനും ഫോസ്ഫറസും നല്‍കുന്ന വളമാണിത്. ഇവ ഉപയോഗിക്കുന്നതോടെ അതിവേഗ വളര്‍ച്ച ചെടികള്‍ക്കുണ്ടാകും. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ഫലപൂഷ്ടി വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഖര-ദ്രാവക രൂപത്തില്‍ ലഭിക്കുന്ന ഈ വളം മണ്ണിന്റെ ഘടന മനസിലാക്കി മാത്രമാണ് ഉപയോഗിക്കുക.
ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഡിഎപി ഉപയോഗിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് വേണ്ടി ഈ രാസവളം കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. സൗദി അറേബ്യയുമായുള്ള കരാര്‍ ഇതിന് സഹായിക്കും. യൂറിയ ആണ് ഇന്ത്യ പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. കൂടെ ഡിഎപിയും. ഇതുവരെ ഈ വളത്തിന് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് ചൈനയെ ആയിരുന്നു.
ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
ചൈനയെ ഡിഎപിക്ക് വേണ്ടി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളില്‍ നിന്ന് വളം ഇറക്കി സംഭരിക്കാനും ഉപയോഗിക്കാനും തീരുമാനിച്ചതോടെയാണ് സൗദിയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ചൈന ഇടയ്ക്കിടെ ഡിഎപി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുത്താറുണ്ട്. ഈ നടപടി ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബദല്‍മാര്‍ഗം തേടിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിച്ച വേളയില്‍ മറ്റു വിഷയങ്ങള്‍ക്കൊപ്പം രാസവള കരാര്‍ ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി വേഗത്തില്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. ഈ സാഹചര്യത്തില്‍ ജെപി നദ്ദയുടെ സൗദി സന്ദര്‍ശനത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
യുറിയ, ഡിഎപി എന്നിവയുടെ ഇറക്കുമതി സൗദി അറേബ്യയില്‍ നിന്ന് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ പരസ്പര സഹകരണം, നിക്ഷേപം എന്നിവയും ചര്‍ച്ചയായി. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സൗദിയിലെ രാസവള മേഖലയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. സൗദി അറേബ്യ ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ചര്‍ച്ചകളും നടന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications