ഇന്ത്യയുടെ ആവശ്യം തള്ളി സൗദി അറേബ്യ: ഒപ്പം റഷ്യയും , രാജ്യത്ത് ഇന്ധന വില വർധിച്ചേക്കും
റിയാദ്: ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സൗദി അറേബ്യ. ഈ വർഷം അവസാനം വരെ പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ വിതരണം വെട്ടിക്കുറയ്ക്കുമെന്നാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ അധിക വിതരണം വെട്ടിക്കുറയ്ക്കുകയും വെട്ടിക്കുറയ്ക്കൽ എല്ലാ മാസവും അവലോകനം ചെയ്യുമെന്ന് പ്രസ്താവിക്കുകയും ചെയ്തതിന് ശേഷമാണ് സൗദിയുടെ പുതിയ പ്രഖ്യാപനം.
ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ മുന്നോട്ട് കുതിക്കുന്നതിന് ഇടയിലാണ് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഗള്‍ഫ് രാഷ്ട്രം ഉറച്ച് നില്‍കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന് നിലവില്‍ 90 ഡോളറിന് മുകളിലാണ് നിലവിലെ വില. മെയ് മാസത്തില്‍ 70 ഡോളറില്‍ കിടന്ന വിലയാണ് അഞ്ച് മാസം കൊണ്ട് വലിയ തോതില്‍ വർധിച്ചത്. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത ബാരലിന് 97 ഡോളറാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന വില. പിന്നീട് ഡോളർ ശക്തിപ്പെട്ടതാണ് വില അല്‍പ്പമെങ്കിലും ഇടിയാന്‍ കാരണമായത്.

റഷ്യയും 2023 അവസാനം വരെ 300000 ബിപിഡിയുടെ നിലവിലെ കയറ്റുമതി വെട്ടിക്കുറവ് തുടരുമെന്ന് പ്രത്യേക ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. മെയ് മാസത്തിൽ, ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ എണ്ണ ഉൽപ്പാദനം 1.6 ദശലക്ഷം ബിപിഡി കുറച്ചിരുന്നു. സൗദി അറേബ്യ 500000 ബിപിഡി വിതരണം കുറച്ചപ്പോൾ ഇറാഖ് വർഷാവസാനം വരെ 200000 ബിപിഡിയും കുറക്കും. ഒപെക്കിന്റെ ഭാഗമായ റഷ്യ 2023 അവസാനം വരെ 50000 ബിപിഡി ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന് പുറമെയാണ് നിലവിലെ വെട്ടിക്കുറയ്ക്കല്‍.
വിലയെ വർധിപ്പിക്കുന്നതിനായി സൗദി ജൂലൈയിൽ ഉൽപ്പാദനം 1 ദശലക്ഷം ബിപിഡി കുറച്ചപ്പോൾ റഷ്യ പ്രതിദിനം 300000 ബാരൽ കയറ്റുമതിയും കുറച്ചു.
അംഗരാജ്യങ്ങളുടെ ഉൽപ്പാദനം അവലോകനം ചെയ്യുന്ന ഒപെക്കിന്റെ ജോയിന്റ് മിനിസ്റ്റീരിയൽ മോണിറ്ററിംഗ് കമ്മിറ്റി (ജെഎംഎംസി) യോഗത്തിന് മണിക്കൂറുകൾ മുമ്പാണ് ഉത്പാദനം വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള സൗദിയുടെയും റഷ്യയുടെയും പ്രഖ്യാപനങ്ങൾ.
അതേസമയം, എണ്ണ വിപണിയിലെ സന്തുലിതാവസ്ഥയും താങ്ങാനാവുന്ന വിലയും നിലനിർത്താൻ വിതരണ വെട്ടിക്കുറവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം ഒപെക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ-ഗായിസുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ, ഒപെക് ക്രൂഡ് ഉൽപ്പാദനം വെട്ടിക്കുറച്ചതിനെയും ആഗോള ഊർജ മേഖലയിൽ അത് എങ്ങനെ പ്രതിഫലിക്കുന്നുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു.
അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് (അഡിപെക്) 2023 ന്റെ ഭാഗമായിട്ടായിരുന്നു ഹർദീപ് സിംഗ് പുരി - ഹൈതം അൽ-ഗായിസ് കൂടിക്കാഴ്ച. ക്രൂഡ് ഓയില്‍ വില വർധനവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടേയുള്ള ഉല്‍പാദക രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പങ്കജ് ജെയിനും വ്യക്തമാക്കിയിരുന്നു.
വില നിയന്ത്രിക്കാന്‍ ഉത്പാദനം വർധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ തരത്തില്‍ വില മുന്നോട്ട് പോകുകകാണെങ്കില്‍ ഉപഭോഗം കുറയാന്‍ സാധ്യതയുണ്ടെന്നും പങ്കജ് ജെയിന്‍ ഉത്പാദക രാഷ്ട്രങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സൗദി അറേബ്യയും റഷ്യയും ഉത്പാദനം നിയന്ത്രണം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications