ഇന്ത്യ ഇനി ആക്രമിച്ചാല്‍ ഞങ്ങള്‍ക്കൊപ്പം സൗദിയും ഇറങ്ങും; ഭീഷണിയുമായി പാകിസ്ഥാന്‍
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ ഇനി വഷളാകുന്ന സാഹചര്യം വന്നാല്‍ സൗദി അറേബ്യന്‍ സേന തീവ്രവും സജീവവുമായി ഇടപെടും എന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുമായി സംഘര്‍ഷമുണ്ടായാല്‍ സൗദി സേന ഇടപെടുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തീര്‍ച്ചയായും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട,' ഖ്വാജാ ആസിഫ് പറഞ്ഞു. അടുത്തിടെ സൗദിയുമായി പാകിസ്ഥാന്‍ ഒപ്പുവെച്ച കരാര്‍ സംയുക്ത പ്രതിരോധ ചട്ടക്കൂട്ടില്‍ നിന്നാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം പാകിസ്ഥാനോ സൗദി അറേബ്യയോ ഒരു രാജ്യത്തെയും ആക്രമണകാരിയായി വ്യക്തമായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

എന്നാല്‍ ഏതെങ്കിലും ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഒരു കുടയാണ് ഈ സഖ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു രാജ്യത്തെയും ആക്രമണകാരിയായി ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല, സൗദി അറേബ്യയും അങ്ങനെ ചെയ്തിട്ടില്ല. ഇത് ഇരുപക്ഷവും നല്‍കുന്ന ഒരു കവചം മാത്രമാണ്. ഏതെങ്കിലും രാജ്യത്ത് നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍, സംയുക്തമായി അതിനെ അഭിസംബോധന ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുമായി ഉള്ളത് ഒരു ആക്രമണാത്മക കരാറോ പരമ്പരാഗത പ്രതിരോധ ക്രമീകരണമോ അല്ല എന്നും പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ സൗദി സൈന്യം ഇടപെടുമോ എന്നും സൗദി അറേബ്യ ഒരു ആക്രമണകാരിയെ നേരിട്ടാല്‍ പാകിസ്ഥാന്‍ സൈന്യം ഇടപെടുമോ എന്നും അവതാരകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ കരാര്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍, തീര്‍ച്ചയായും ഈ ക്രമീകരണം പ്രാബല്യത്തില്‍ വരും,' ആസിഫ് പറഞ്ഞു. റിയാദില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഒപ്പുവച്ച സൗദി-പാകിസ്ഥാന്‍ കരാര്‍, ഇരു രാജ്യങ്ങളും നേരിടുന്ന ആക്രമണത്തെ മറ്റൊന്നിനു നേരെയുള്ള ആക്രമണമായി കണക്കാക്കണമെന്നാണ് പറയുന്നത്.
അതിനിടെ പാകിസ്ഥാന്‍-സൗദി പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം 'പരസ്പര താല്‍പ്പര്യങ്ങളും സംവേദനക്ഷമതയും' പ്രതിഫലിപ്പിക്കുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. സമീപ വര്‍ഷങ്ങളില്‍ റിയാദുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴം വര്‍ധിച്ച് വരികയാണ് എന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും വിശാലമായ ഒരു തന്ത്രപരമായ പങ്കാളിത്തമുണ്ട്, അത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ തന്ത്രപരമായ പങ്കാളിത്തം പരസ്പര താല്‍പ്പര്യങ്ങളും സംവേദനക്ഷമതയും മനസ്സില്‍ സൂക്ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' വിദേശകാര്യ വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications