സൗദി രാജകുമാരന് അസുഖം; ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം... അറബ് ലീഗ് ഉച്ചകോടിക്ക് വരില്ല
റിയാദ്: സൗദി അറേബ്യന്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് അസുഖം. യാത്രകള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അല്‍ജീരിയയില്‍ നടക്കാനിരിക്കുന്ന അറബ് ലീഗ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. അസുഖം ബാധിച്ചതിനാല്‍ ഉച്ചകോടിക്ക് അദ്ദേഹം എത്തില്ല. 37കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അസുഖ വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ തനിക്ക് അസുഖമാണെന്ന് ബിന്‍ സല്‍മാന്‍ അല്‍ജീരിയന്‍ പ്രസിഡന്റിനെ അറിയിച്ചു. ഇങ്ങനെയാണ് വിവരം പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്...

കൊവിഡിന് ശേഷം അറബ് ലീഗ് സമ്മേളനം വിപുലമായി ചേരാന്‍ പോകുകയാണ്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മുസ്ലിം രാജ്യങ്ങളിലെ നേതാക്കള്‍ ഒരുമിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് അല്‍ജീരിയയിലാണ് സമ്മേളനം. യോഗത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹം എത്തില്ല.

ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാല്‍ യാത്ര സാധിക്കില്ലന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മാജിദ് തെബ്ബൗനിയെ അറിയിച്ചു. ഇരു നേതാക്കളും ഫോണില്‍ സംസാരിച്ച വേളയിലാണ് ഇക്കാര്യം ബിന്‍ സല്‍മാന്‍ പറഞ്ഞത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ബിന്‍ സല്‍മാന്‍ നിരാശനാണത്രെ.

സമ്മേളനത്തിന് ബിന്‍ സല്‍മാന് വരാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചെന്നും അല്‍ജീരിയന്‍ പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ എന്താണ് അസുഖം എന്ന് അദ്ദേഹം വിശദീകരിച്ചില്ല. അല്‍ജീരിയന്‍ പ്രസിഡന്റുമായി ബിന്‍ സല്‍മാന്‍ ഫോണില്‍ സംസാരിച്ചുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അറബ് ലീഗ് ഉച്ചകോടി സംബന്ധിച്ചോ ബിന്‍ സല്‍മാന്റെ ആരോഗ്യത്തെ കുറിച്ചോ പറഞ്ഞില്ല.

86കാരനാണ് സൗദി രാജാവ് സല്‍മാന്‍. ഇദ്ദേഹത്തിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയുടെ അടുത്ത രാജാവാണ് ഇദ്ദേഹം. അടുത്തിടെ സൗദിയുടെ പ്രധാനമന്ത്രിയായി ബിന്‍ സല്‍മാനെ രാജാവ് നിയമിച്ചിരുന്നു. സൗദി മന്ത്രിസഭാ യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്നത് ഇപ്പോള്‍ ബിന്‍ സല്‍മാനാണ്. കൂടുതല്‍ അധികാരം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു.

അസുഖം ഭേദമായി ബിന്‍ സല്‍മാന്‍ പൊതുരംഗത്ത് വേഗം സജീവമാകട്ടെ എന്ന് അല്‍ജീരിയന്‍ പ്രസിഡന്റ് പ്രസ്താവനയില്‍ പറയുന്നു. 1945ലാണ് അറബ് ലീഗ് സ്ഥാപിച്ചത്. 22 മുസ്ലിം രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങള്‍. ആഭ്യന്തര യുദ്ധം കാരണം സിറിയ സസ്‌പെന്‍ഷനിലാണ്. അറബ് ലീഗിലെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. പല സുപ്രധാന വിഷയങ്ങളിലും അറബ് ലീഗ് ഇടപെടുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

2015ലാണ് മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ കിരീടാവകാശിയായി നിയമിച്ചത്. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ മാറ്റി ബിന്‍ സല്‍മാനെ നിയമിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അതിവേഗമാണ് ബിന്‍ സല്‍മാന്‍ കരുനീക്കം നടത്തിയത്. അഴിമതി തുടച്ചുനീക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങി. വനിതകള്‍ക്ക് കൂടുതല്‍ ഇളവുകളും അവസരങ്ങളും നല്‍കി. സൗദി യുവാക്കള്‍ക്കിടയില്‍ ജനപ്രിയനാണ് ബിന്‍ സല്‍മാന്‍.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നു എന്നാണ് മറ്റൊരു പുതിയ വാര്‍ത്ത. നവംബര്‍ 14ന് അദ്ദേഹം ഡല്‍ഹിയിലെത്തും. ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിന്‍ സല്‍മാന്‍ ഡല്‍ഹിയില്‍ ഇറങ്ങുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ ശേഷം യാത്ര തുടരും. ഇന്തോനേഷ്യയിലാണ് ഈ വര്‍ഷത്തെ ജി-20 ഉച്ചകോടി. മോദിയും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications