സൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; എണ്ണവില കുത്തനെ കുറച്ചു... നേട്ടം കൊയ്യാന്‍ ഇന്ത്യ
റിയാദ്: എണ്ണ വിപണിയില്‍ അപ്രതീക്ഷിത നീക്കവുമായി സൗദി അറേബ്യ. അറബ് ലൈറ്റ് ക്രൂഡിന് സൗദി അരാംകോ വില കുറച്ചു. 27 മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സൗദി അറേബ്യ ഏഷ്യയിലേക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം അരംകോ എടുത്തത്. ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് സൗദിയുടെ തീരുമാനം.
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നല്‍കുന്ന എണ്ണയുടെ വിലയില്‍ ബാലരിന് രണ്ട് ഡോളര്‍ ആണ് അരാംകോ കുറച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ നല്‍കുന്ന എണ്ണയുടെ വിലയാണ് ഇപ്പോള്‍ നിശ്ചയിച്ചത്. ജനുവരിയില്‍ നല്‍കുന്ന എണ്ണയുടെ വില കഴിഞ്ഞ മാസം കുറച്ചിരുന്നു. ബാരലിന് ഒന്നര ഡോളര്‍ ആയിരുന്നു അന്ന് കുറച്ചത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ മൊത്തം മൂന്നര ഡോളര്‍ ആണ് സൗദി കുറച്ചിരിക്കുന്നത്.

റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടുത്തിടെ മറ്റു വഴികള്‍ തേടിയിരുന്നു. റഷ്യ നേരിയ തോതില്‍ വില ഉയര്‍ത്താന്‍ തുടങ്ങിയതാണ് കാരണം. ഈ ഘട്ടത്തിലാണ് സൗദിയുടെ അവസരോചിത ഇടപെടല്‍. സൗദിയുടെ എണ്ണയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. വിപണി നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെയും മൂന്നാമത്തെയും രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. രണ്ടും ഏഷ്യന്‍ രാജ്യങ്ങളായതിനാല്‍ ഈ വിപണികള്‍ വരുതിയില്‍ നിര്‍ത്തേണ്ടത് സൗദിയുടെ ആവശ്യമാണ്. ഇതാണ് ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില തുടര്‍ച്ചയായി കുറയ്ക്കുന്നത്. അതേസമയം, നോര്‍ത്ത് അമേരിക്ക, നോര്‍ത്ത് വെസ്റ്റ് യൂറോപ്പ്, മെഡിറ്ററേനിയന്‍ മേഖല എന്നിവിടങ്ങളിലേക്കുള്ള എണ്ണവിലയും നേരിയ തോതില്‍ സൗദി കുറച്ചിട്ടുണ്ട്.
റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് എണ്ണ വിപണിയില്‍ സൗദി അറേബ്യ വെല്ലുവിളി നേരിടുന്നത്. 2017ന് ശേഷം ഷെയ്ല്‍ ഓയില്‍ അമേരിക്ക കൂടുതലായി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം വരുമാനം കണ്ടെത്താന്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുകയും ചെയ്യുന്നു. ഈ രണ്ട് രാജ്യങ്ങളുടെയും നീക്കം സൗദിക്ക് വലിയ ക്ഷീണം ചെയ്തു.
എന്നാല്‍ ഏത് സമയവും ഉല്‍പ്പാദനം ഉയര്‍ത്താനും താഴ്ത്താനും സാധ്യമാകുന്ന സൗദി അരാംകോ നിലവിലെ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഏഷ്യന്‍ വിപണിയിലെ അപ്രമാദിത്തം പിടിച്ചുനിര്‍ത്താനാണ് വില കുറച്ചിരിക്കുന്നത്. ഇതോടെ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയെ കൈവിടാനാണ് സാധ്യത.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എണ്ണവില ഉയര്‍ത്തിയേക്കുമെന്ന ആശങ്ക വിപണിയിലുണ്ടായിരുന്നു. ഈ വേളയിലാണ് സൗദി അറേബ്യ വില കുറച്ച് വില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതാകട്ടെ ലോക രാജ്യങ്ങള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി വില കുറച്ച് നല്‍കുന്നത് ഈ അവസരത്തില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.












Click it and Unblock the Notifications