സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍; സ്വപ്‌ന പദ്ധതിയില്‍ മാറ്റം... തുറന്ന് സമ്മതിച്ച് ധനമന്ത്രി
റിയാദ്: പരിഷ്‌കരണത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സാമൂഹിക-സാമ്പത്തിക രംഗത്ത് അതിവേഗമുള്ള കുതിപ്പാണ് ലക്ഷ്യം. എണ്ണയ്ക്ക് പുറമെ മറ്റു വരുമാന മാര്‍ഗങ്ങളും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിഷന്‍ 2030 എന്ന സ്വപ്‌ന പദ്ധതിയുടെ ഭാഗമായി വിവിധ പ്രൊജക്ടുകള്‍ നടപ്പാക്കി വരികയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ്.
വേള്‍ഡ് ഇക്കണോമിക് ഫോറം നടക്കുകയാണ് സൗദി അറേബ്യയില്‍. സുപ്രധാന രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗ്ലോബല്‍ കൊളാബൊറേഷന്‍, ഗ്രോത്ത് ആന്റ് എനര്‍ജി ഫോര്‍ ഡവലപ്‌മെന്റ് എന്ന സെഷനില്‍ സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ നടത്തിയ പ്രസംഗമാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത.

സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030ല്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൗദി അറേബ്യയുടെ ധനമന്ത്രി പറഞ്ഞത്. ഗുണപരമായ സാമ്പത്തിക വളര്‍ച്ചയാണ് സൗദി ലക്ഷ്യമിടുന്നതെന്നും ചില വെല്ലുവിളികള്‍ നേരിടുന്നുവെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തും. ചില പദ്ധതികള്‍ നീട്ടും. ചിലത് കുറയ്ക്കും. ചിലത് വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ടൂറിസം, വ്യവസായം എന്നീ മേഖലകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം സ്വകാര്യ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുകയും തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ 2030 തുടങ്ങിയത്. എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൊത്തമായുള്ള സാമ്പത്തിക വളര്‍ച്ച നേരിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് ഇതിന് കാരണം.
സൗദി അറേബ്യ 2024ല്‍ നാല് ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 2.6 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ഇന്നും ആവര്‍ത്തിച്ചു. എണ്ണ വില കുറഞ്ഞതാണ് സൗദിയെ പ്രതിസന്ധിയിലാക്കുന്നത്. എണ്ണ ബാരലിന് 96 ഡോളര്‍ ആകണം എന്നാണ് സൗദിയുടെ താല്‍പ്പര്യമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സൗദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം ചര്‍ച്ചയായി. മധ്യസ്ഥ രാജ്യങ്ങളെല്ലാം ലോക സാമ്പത്തിക ഫോറത്തിന്റെ വിവിധ ചര്‍ച്ചകളില്‍ ഭാഗമാകുന്നുണ്ട്. കൂടാതെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും സൗദിയിലെത്തി. ഗാസ യുദ്ധവും യുക്രൈന്‍ യുദ്ധവും ആഗോള സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.
സുസ്ഥിര പശ്ചിമേഷ്യയാണ് വേണ്ടതെന്ന് സൗദി ധനമന്ത്രി അല്‍ ജദ്ആന്‍ വ്യക്തമാക്കി. സുരക്ഷിതത്വവും പുരോഗതിയും വേണ്ട സമയമാണിതെന്ന് സൗദി പ്ലാനിങ് വകുപ്പ് മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹീം പറഞ്ഞു. ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ സാധിക്കുന്ന ഏക രാജ്യം അമേരിക്കയാണെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഇസ്രായേലി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ സൗദിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications