നിയമം ലംഘിച്ചെത്തുന്നവര്‍ക്ക് കര്‍ശന താക്കീതുമായി സൗദി അറേബ്യ; സഹായം നല്‍കുന്നവരും കുടുങ്ങും
റിയാദ്: 2020 ഓഗസ്റ്റ് 20 മുതല്‍ 2021 ജൂണ്‍ 23 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യ 274,849 വിധികള്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് ജോലി നല്‍കുന്നതും അഭയം നല്‍കുന്നതും അവസാനിപ്പിക്കാന്‍ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
ഇത്തരം ആളുകള്‍ക്ക് ജോലി, വീട്, ഗതാഗത സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കുന്നതും അവസാനിപ്പിക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം നിയമലംഘകരെ കാണുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മക്ക, റിയാദ് എന്നീ മേഖലയിലുള്ളവര്‍ 911 എന്ന നമ്പരിലും സൗദി അറേബ്യയിലെ മറ്റ് മേഖലയിലുള്ളവര്‍ 999 എന്ന നമ്പരിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

കള്ളക്കടത്തുകാര്‍, രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് അനധികൃതമായി പ്രവേശിക്കുന്നതിനോ അല്ലെങ്കില്‍ സഞ്ചരിക്കുന്നതിനോ സഹായിക്കുന്നവര്‍, അഭയം നല്‍കുക അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കുക എന്നിവയ്ക്ക് 5 മുതല്‍ 10 വര്‍ഷം തടവും 266,000 ഡോളര്‍ പിഴയു ഈടാക്കുമെന്നും ബോര്‍ഡര്‍ ഗാര്‍ഡിന്റെ വക്താവ് കേണല്‍ മിസ്ഫിര്‍ ബിന്‍ ഗന്നം അല്‍ ഖുറൈനി അല്‍ എഖ്ബാരിയ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ഒരു ശൃംഖല നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ ഒരു രൂപമാണ് കള്ളക്കടത്ത്. ഇത് സമൂഹത്തിന് ഗുരുതരമായ സുരക്ഷ, ആരോഗ്യം, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി അറേബ്യയുടെ അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുല്ല അല്‍ മുജിബ് മാര്‍ച്ചില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications