സൗദി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു, അന്താരാഷ്ട്ര വനിത ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
റിയാദ്: ചരിത്രപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സൗദി അറേബ്യ ഇപ്പോള്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. സൗദി ആദ്യമായി അന്താരാഷ്ട്ര വനിത ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ബുധനാഴ്ച ആരംഭിച്ച ടൂര്‍ണമെന്റ് ജനുവരി 19 വരെ തുടരും. കിഴക്കന്‍ മേഖലയിലെ അല്‍ ഖോബാറിലെ പ്രിന്‍സ് സൗദ് ബിന്‍ ജലാവി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

സൗദി അറേബ്യ, കൊമോറോസ്, പാകിസ്ഥാന്‍, മൗറീഷ്യസ് എന്നീ ദേശീയ ടീമുകളാണ് ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യ 1-0ന് മൗറീഷ്യസിനെ പരാജയപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍ 1-0ന് കൊമോറോസിനെ പരാജയപ്പെടുത്തി. സൗദി അറേബ്യയില്‍ ഈ ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിച്ചതോടെ വനിത ഫുട്‌ബോളിനെ സംബന്ധിച്ച് ഒരു നാഴികകല്ലായാണ് അടയാളപ്പെടുത്തുന്നത്.

രാജ്യത്തുടനീളമുള്ള വനിതകളെ ഈ മനോഹരമായ കായിക വിനോദത്തില്‍ പങ്കാളികളാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഒരു സംഭവമാണിതെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ വനിതാ ഫുട്‌ബോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ ലാമിയ ബഹയാന്‍ പറഞ്ഞു. ഫിഫയുടെ അന്താരാഷ്ട്ര ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി വനിതാ റഫറിയായി മാറിയ അനൗദ് അല്‍ അസ്മരിയാണ് മത്സരം നയിച്ചത്.

അതേസമയം, മാറ്റങ്ങളുടെ പാതയിലാണ് ഇപ്പോള്‍ സൗദി അറേബ്യ. വനിതകളെ ഫുട്‌ബോള്‍ അടക്കമുള്ള കായിക ഇനങ്ങളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സൗദി മാറ്റങ്ങളുടെ പാത പിന്തുടരുന്നത്. 2021ലെ സൗദി വനിത ഫുട്‌ബോള്‍ ലീഗിന്റെ സമാപനത്തോടെയാണ് സൗദി വനിത ദേശീയ ടീമിന് രൂപം നല്‍കുന്നത്.

ഇതിന് മുമ്പ് സൗദി അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തില്‍ വിജയ തുടക്കം കുറിച്ചിരുന്നു. പിന്നാലെ സൗദിയെ അഭിനന്ദിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെല അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. അന്ന് സീഷല്‍സിനെതിരെ എതിരില്ലാതെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ജര്‍മന്‍ കോച്ചായ മോണിക്ക സ്റ്റാബിന്റെ കീഴിലാണ് ടീം ഓരോ മത്സരത്തിനും ഇറങ്ങുന്നത്.
image credit: saffwfd insta page












Click it and Unblock the Notifications