ഉംറ തീര്‍ഥാടനത്തില്‍ പുതിയ തീരുമാനവുമായി സൗദി അറേബ്യ; നിയന്ത്രണം ഇങ്ങനെ, തിരക്കേറി
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. റമദാനില്‍ തിരക്കേറിയ സാഹചര്യത്തിലാണ് നിയന്ത്രണം. ഒരാള്‍ ഒരു തവണ ഉംറ നിര്‍വഹിച്ചാല്‍ മതി എന്നാണ് നിര്‍ദേശം. ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് ലഭിക്കേണ്ട സൗകര്യം നഷ്ടപ്പെടുന്നതിനാലാണിത്. ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് റമദാന് ശേഷം അവസരം നല്‍കും.
വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടനത്തിന് പതിനായിരങ്ങളാണ് സൗദിയില്‍ എത്തുന്നത്. വിദേശികളും സ്വദേശികളും ചേരുമ്പോള്‍ വന്‍ തിരക്കാണ് മക്കയിലും മദീനയിലും. തിരക്ക് നിയന്ത്രിക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. ഒന്നിലധികം തവണ ഉംറയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ ബന്ധപ്പെട്ട ആപ്ലിക്കേഷനില്‍ എറര്‍ കാണിക്കും.

റമദാനില്‍ ഒരാള്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ മതിയെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ പ്രാര്‍ഥനയ്ക്ക് സൗകര്യം ഒരുക്കാനാണിത്. നുസുക് ആപ്ലിക്കേഷനില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അനുമതി ലഭിക്കില്ല. ഉംറ തീര്‍ഥാടനം ക്രമീകരിക്കുന്നതിന് സൗദി അറേബ്യന്‍ ഭരണകൂടം ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനമാണ് നുസുക്.
ആള്‍ത്തിരക്ക് കണക്കിലെടുത്ത് ഉംറ തീര്‍ഥാടകര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഹറമിലേക്കുള്ള പ്രവേശനത്തിനും മടക്കത്തിനുമുള്ള വാതില്‍ നിശ്ചയിച്ചിട്ടുണ്ട്. സമീപ കാലത്തായി സൗദിയിലേക്ക് ഉംറയ്ക്ക് എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. വിസാ ചടങ്ങളില്‍ നല്‍കിയ ഇളവാണ് ഇതിന് കാരണം.
പേഴ്‌സണല്‍ വിസ, വിസിറ്റ് വിസ, ടൂറിസം വിസ എന്നിവയില്‍ സൗദി അറേബ്യയില്‍ എത്തുന്ന വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഭരണകൂടം അനുമതി നല്‍കുന്നുണ്ട്. മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുമെന്നതിനാല്‍ ഈ വിസകളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ്. ഉംറ നിര്‍വഹിക്കേണ്ടവര്‍ നുസുക് ആപ്പ് വഴി പെര്‍മിറ്റ് എടുക്കുകയും അനുവദിച്ച സമയം എത്തുകയും വേണം.
ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനുള്ള സമയ പരിധി 30ല്‍ നിന്ന് 90 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ വേളയില്‍ മറ്റു പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും. നുസുക് ആപ്പില്‍ അനുവദിച്ച സമയം ഉംറയ്ക്ക് എത്തുന്നതിന് പ്രയാസം നേരിട്ടാല്‍ പെര്‍മിറ്റ് കാന്‍സല്‍ ചെയ്യേണ്ടതാണ്. പിന്നീട് പുതിയ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം.
തിരക്കേറിയ സാഹചര്യത്തില്‍ മക്കയിലെ ബസ് സര്‍വീസ് വിപുലീകരിച്ചിട്ടുണ്ട്. സര്‍വീസുകള്‍ക്കിടയിലെ ഇടവേള കുറച്ചു. തീര്‍ഥാടകര്‍ ഏറെ നേരം കാത്തിരിക്കുന്നത് ഒഴിവാക്കാനാണിത്. ഹറമില്‍ നിന്ന് മക്കയിലെ എല്ലാ മേഖലകളെയും ബന്ധിപ്പിച്ച് ബസ് സര്‍വീസ് ഏര്‍പ്പെടുത്താനാണ് തീരുമാനം. മക്കയുടെ ഏത് ഭാഗത്ത് നിന്നും ഹറമിലേക്ക് എത്താന്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.












Click it and Unblock the Notifications