സൗദി രാജാവ് സല്‍മാന്‍ ആശുപത്രിയില്‍; റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ...
റിയാദ്: സൗദി അറേബ്യയുടെ രാജാവ് സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയ്ക്ക് വേണ്ടിയാണ് ജിദ്ദയിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അടുത്തിടെ അദ്ദേഹത്തിന്റെ പേസ്‌മേക്കറിലെ ബാറ്ററി മാറ്റിയിരുന്നു. ഇപ്പോള്‍ എന്തിനാണ് ആശുപത്രിയില്‍ എത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മാത്രമല്ല, ഏത് തരം പരിശോധനയാണ് നടത്തുന്നത്, അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും വ്യക്തമല്ല.

86കാരനായ സല്‍മാന്‍ രാജാവ് നേരത്തെ പല തവണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. അടുത്തിടെയാണ് റിയാദിലെ ആശുപത്രിയില്‍ വച്ച് സല്‍മാന്‍ രാജാവിന്റെ പേസ്‌മേക്കറിലെ ബാറ്ററി മാറ്റി സ്ഥാപിച്ചത്. 2020ല്‍ അദ്ദേഹത്തിന്റെ പിത്താശയം നീക്കം ചെയ്തിരുന്നു. പേസ്‌മേക്കര്‍ ബാറ്ററി മാറ്റിയതുമയി ബന്ധപ്പെട്ട പരിശോധനയ്ക്കാണോ സല്‍മാന്‍ രാജാവ് ആശുപത്രിയിലെത്തിയത് എന്ന് വ്യക്തമല്ല.
2015ലാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദിയുടെ രാജാവായി നിയമിതനായത്. ശേഷം അദ്ദേഹം മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചു. വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ സല്‍മാന്‍ രാജാവ് നേരിടുന്നതിനാല്‍ ഭരണത്തിലെ ദൈനംദിന കാര്യങ്ങളില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇടപെടാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സല്‍മാന് ശേഷം സൗദിയെ നയിക്കുക മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കും. അദ്ദേഹം കിരീടവകാശിയായ ശേഷം സൗദിയല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പരിഷ്‌കാരങ്ങളാണ് ബിന്‍ സല്‍മാന്‍ സൗദിയില്‍ നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും തുടങ്ങിയത് ബിന്‍ സല്‍മാന്‍ കിരീടവകാശിയായ ശേഷമാണ്. ഏറെ കാലത്തിന് ശേഷം സിനിമാ പ്രദര്‍ശനം സൗദിയില്‍ പുനരാരംഭിച്ചതും ബിന്‍ സല്‍മാന്റെ താല്‍പ്പര്യപ്രകാരമാണ്. മാത്രമല്ല, സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള ബിന്‍സല്‍മാന്റെ തീരുമാനം ആഗോള തലത്തില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ വിഷമത്തിലാക്കി. മാത്രമല്ല, വിമത സ്വരം ഉയര്‍ത്തുന്നവര്‍ക്കെതിരെ ബിന്‍ സല്‍മാന്‍ കടുത്ത നടപടി സ്വീകരിക്കുന്നു എന്ന വിമര്‍ശനവുമുണ്ട്. രാജകുടുംബത്തെ വിമര്‍ശിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ദുരൂഹ മരണവും സൗദി ഭരണകൂടത്തെ വെട്ടിലാക്കിയിരുന്നു.












Click it and Unblock the Notifications