സൗദി അറേബ്യ, യുഎഇ, ഇറാന്‍... ബ്രിക്‌സിലേക്ക് ആറ് രാജ്യങ്ങള്‍ കൂടി, വന്‍ മാറ്റങ്ങള്‍
ജൊഹാന്നസ്‌ബെര്‍ഗ്: ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കാന്‍ തീരുമാനം. സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഈജിപ്ത്, അര്‍ജന്റീന, എത്യോപ്യ എന്നീ രാജ്യങ്ങളെയാണ് ബ്രിക്‌സില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത് എന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പറഞ്ഞു. ഇതോടെ ബ്രിക്‌സ് രാജ്യങ്ങളുടെ എണ്ണം 11 ആയി.
അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് ഈ രാജ്യങ്ങളുടെ അംഗത്വം നിലവില്‍ വരിക. അതിന് ശേഷം മറ്റു അംഗരാജ്യങ്ങളെ പോലുള്ള എല്ലാ പദവികളും ആറ് രാജ്യങ്ങള്‍ക്കും കിട്ടും. 40ഓളം രാജ്യങ്ങള്‍ ബ്രിക്‌സില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കെയാണ് ആറ് രാജ്യങ്ങള്‍ക്ക് മാത്രം അനുമതി ലഭിച്ചിരിക്കുന്നത്. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അംഗരാജ്യങ്ങള്‍ ബ്രിക്‌സ് വിപുലീകരണത്തിന്റെ ആദ്യഘട്ട തീരുമാനം എടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പുതിയ രാജ്യങ്ങളെ കുറിച്ച് വിശദമാക്കിയത്. ആറ് രാജ്യങ്ങള്‍ക്ക് പൂര്‍ണ അംഗത്വം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സുമായി കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും സിറില്‍ റമഫോസ അറിയിച്ചു.
ആറ് പുതിയ അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇനിയും ബ്രിക്‌സില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവരുമായി അംഗരാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. സഹകരണത്തിന്റെയും പുരോഗതിയുടെയും പുതിയ കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തേണ്ട രാജ്യങ്ങളെ സംബന്ധിച്ച് ഇന്ത്യയാണ് സമവായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസമായി ജൊഹാന്നസ്‌ബെര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടി നടന്നുവരികയായിരുന്നു. 40 ലധികം രാജ്യങ്ങള്‍ ബ്രിക്‌സില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 22 രാജ്യങ്ങള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. ബ്രിക്‌സ് വിപുലീകരിക്കണം എന്ന താല്‍പ്പര്യം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പ്രകടിപ്പിച്ചുവത്രെ. എന്നാല്‍ പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള നീക്കം ഇന്ത്യ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications