കോടികളുടെ സ്വര്‍ണത്തില്‍ സൗദി അറേബ്യ വീഴുമോ... നവതന്ത്രം പയറ്റാന്‍ പാകിസ്താന്‍
ഇസ്ലാമാബാദ്: ജി20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചരക്കുപാത ഉള്‍പ്പെടെയുള്ള കോടികളുടെ കരാറില്‍ ധാരണയായിട്ടാണ് മടങ്ങിയത്. മാത്രമല്ല, പാകിസ്താനെതിരായ ഇന്ത്യന്‍ നിലപാടിനോട് പരോക്ഷമായി അദ്ദേഹം യോജിക്കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ പാകിസ്താനും സന്ദര്‍ശിക്കാന്‍ ബിന്‍ സല്‍മാന്‍ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ഇന്ത്യ സന്ദര്‍ശിക്കുന്നതിന് തൊട്ടു മുമ്പ് പാകിസ്താനില്‍ ഇറങ്ങാമെന്നായിരുന്നു ബിന്‍ സല്‍മാന്റെ ആദ്യ പദ്ധതിയത്രെ. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് സമയം കിട്ടില്ല എന്നതിനാല്‍ ഇരുരാജ്യങ്ങളും സന്ദര്‍ശനം നീട്ടിവയ്ക്കാന്‍ ധാരണയായി. ഒക്ടോബറില്‍ ബിന്‍ സല്‍മാന്‍ സൗദി സന്ദര്‍ശിക്കുമെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ നല്‍കുന്ന വാര്‍ത്ത. സൗദിയെ പ്രീതിപ്പെടുത്താന്‍ വന്‍ ഒരുക്കമാണ് പാകിസ്താന്‍ നടത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെ സഹായിക്കാന്‍ പലപ്പോഴും ആദ്യമെത്തുന്ന രാജ്യമാണ് സൗദി അറേബ്യ. കൂടാതെ യുഎഇയും ചൈനയുമെല്ലാം പാകിസ്താന്റെ സഹായത്തിന് എത്താറുണ്ട്. സൗദിയുടെ സഹായം ഇനിയും ലഭിക്കുമെന്ന പ്രതീക്ഷ അടുത്തിടെ പാക് സൈനിക മേധാവി വ്യവസായികളുടെ യോഗത്തില്‍ പറയുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ നിയമിക്കപ്പെട്ട അന്‍വാറുല്‍ ഹഖ് കാക്കറിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ പാകിസ്താന്‍ ഭരിക്കുന്നത്. ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനിടെ വലിയ സഹായം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കോടികളുടെ നിക്ഷേപമാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ഗള്‍ഫില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ അടുത്തിടെ രൂപീകരിച്ച എസ്‌ഐഎഫ്‌സി വലിയ പ്രതീക്ഷയിലാണ്.
ഗ്വാദാര്‍ തുറമുഖത്ത് എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്ന കരാറില്‍ സൗദി കിരീടവകാശിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പ് വയ്ക്കുമെന്നാണ് പാകിസ്താന്‍ നേതൃത്വം കരുതുന്നത്. 2019ല്‍ ബിന്‍ സല്‍മാന്‍ പാകിസ്താനില്‍ വന്നപ്പോള്‍ കോടികളുടെ നിക്ഷേപ പ്രഖ്യാപനം നടത്തിയിരുന്നു എങ്കിലും പാകിസ്താനിലെ ഭരണമാറ്റം എല്ലാം തകിടം മറിച്ചു. അതിനിടെയാണ് ബിന്‍ സല്‍മാന് മുമ്പില്‍ വലിയ ഓഫര്‍ വയ്ക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നത്.
ബലൂചിസ്താനിലെ സ്വര്‍ണ ഖനിയുടെ ഒരു ഭാഗം സൗദി അറേബ്യക്ക് വില്‍ക്കാന്‍ പാകിസ്താന്‍ ഭരണകൂടത്തിന് താല്‍പ്പര്യമുണ്ട്. രേകോ ദിഖ് ഖനിയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ ശേഖരമാണുള്ളത്. ലോകത്തെ സ്വര്‍ണ ശേഖരത്തില്‍ അഞ്ചാം സ്ഥാനം രേകോ ദിഖ് ഖനിക്ക് കല്‍പ്പിക്കപ്പെടുന്നു. 1276 ടണ്‍ സ്വര്‍ണ നിക്ഷേപം ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനേഡിയന്‍ കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് രേകോ ദിഖ് ഖനിയുടെ പകുതി വിറ്റിരിക്കുന്നത്. ബാക്കി ഓഹരി പാകിസ്താന്‍ സര്‍ക്കാരിന്റെയും ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാരിന്റെയും ഉടമസ്ഥതയിലാണ്. ഈ ഓഹരിയാണ് സൗദി അറേബ്യയ്ക്ക് വില്‍ക്കാന്‍ ആലോചിക്കുന്നത്. ഇവിടെ നിന്ന് സ്വര്‍ണ ഖനനം സാധ്യമായാല്‍ പാകിസ്താന്‍ കുതിച്ചുയരും. സൗദിയുടെ സഹായം ഇക്കാര്യത്തില്‍ നേരത്തെ പാകിസ്താന്‍ തേടിയിരുന്നുവത്രെ.
ബലൂചിസ്താനിലെ ചഗായ് ജില്ലയിലാണ് രേകോ ദിഖ് സ്വര്‍ണഖനിയുള്ളത്. മരുഭൂമി പ്രദേശമാണിത്. ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമാണ്. തുര്‍ക്കിയിലേക്ക് വ്യാപാര സാധ്യത തുറന്നിടുന്ന പാതയും ഇതുവഴി പദ്ധതിയിലുണ്ട്. അതുകൊണ്ടുതന്നെ സൗദിയുടെ സഹായത്തോടെ ഖനനം പുഷ്ടിപ്പെടുത്തിയാല്‍ വലിയ നേട്ടമാകുമെന്ന് പാകിസ്താന്‍ കരുതുന്നു.












Click it and Unblock the Notifications