സൗദി: സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍
റിയാദ്: സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. യുവാവ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പെണ്‍കുട്ടി പരാതി നല്‍കിയതോടെ ഷിഫ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബാദര്‍ ജില്ലയിലാണ് സംഭവം.
കുറ്റവാളി 20 വയസ്സുകാരനാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. ഇപ്പോള്‍ ഷിഫ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ഇയാളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം പ്രാദേശിക കോടതിയില്‍ ഹാജരാക്കും.

സോഷ്യല്‍മീഡിയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുന്നതും പെണ്‍കുട്ടിയെ സമൂഹത്തിന് മുമ്പില്‍ തുറന്നുകാണിക്കുന്നതും പണമോ മറ്റും ആവശ്യപ്പെടുന്നതും സൈബര്‍ ബ്ലാക്ക്‌മെയിലിംഗിന്റെ കീഴിലാണ് വരുന്നത്. അന്താരാഷ്ട്ര നിയമത്തിന് സൈബര്‍ ബ്ലാക്ക്‌മെയിലിംഗ് ക്രിമിനല്‍ കുറ്റമായാണ്് കണക്കാക്കുന്നത്. പണം ആവശ്യപ്പെടുന്നതോ ഏതെങ്കിലും തരത്തിലുള്ള അസാന്മാര്‍ഗ്ഗികമായ പെരുമാറ്റവും ക്രിമിനില്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ പൊതുജനശ്രദ്ധയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി സൈബര്‍ ബ്ലാക്ക്‌മെയിലിംഗിന് ഇരകളാവുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രക്ഷപ്പെടുകയാണ് പതിവ്. അമേരിക്കയിലെ 43 ശതമാനം കൗമാരപ്രായക്കാരും സൈബര്‍ ബ്ലാക്ക്‌മെയിലിംഗിന് ഇരകളാവുന്നുണ്ടെന്നാണ് കണക്ക്. സോഷ്യല്‍ മീഡിയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ബ്ലാക്ക്‌മെയിലിംഗ് പതിവ് സംഭവങ്ങളായിക്കഴിഞ്ഞിട്ടുണ്ട്.
ആരെക്കുറിച്ചുമുള്ള വ്യക്തിപരമായ ചിന്തകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പൊതുവായി പങ്കുവെയ്ക്കരുതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൈബര്‍ ബ്ലാക്ക്‌മെയിലിംഗ് തടയുന്നതിനുള്ള മുന്നറിയിപ്പെന്ന നിലയിലാണ് സൈബര്‍ വിദഗ്ദര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും പ്രിയപ്പെട്ട വസ്തുക്കളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതിലൂടെ ഇത്തരക്കാരെ വിളിച്ചുവരുത്തുകയാണെന്നും വ്യക്തിഗതമായ ഈ വിവരങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും അതിനാല്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സ്ട്രീറ്റ് അഡ്രസ് എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നും വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനായി സോഷ്യല്‍ മീഡിയയിലെ പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റംവരുത്തണമെന്നും ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ആരെല്ലാം കാണണമെന്നും കൃത്യമായി നിര്‍ണ്ണയിക്കണമെന്നും നിര്‍ദ്ദേശങ്ങളുണ്ട്. ഇന്റര്‍നെറ്റില്‍ കണ്ടുമുട്ടുന്ന അപരിചിതരോട് സംസാരിക്കരുതെന്നും സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരക്കാരില്‍ നിന്ന് ലഭിക്കുന്ന മെസേജുകളോ ഇമെയില്‍ സന്ദേശങ്ങളോ വായിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുന്നത് വൈറസ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications