വനിതാ പ്രധാനമന്ത്രിയോട് ഗര്‍ഭത്തെക്കുറിച്ച് അശ്ലീല ചോദ്യം; അഭിമുഖം വിവാദത്തില്‍
വെല്ലിംഗ്ടണ്‍; ഒരു മുതിര്‍ന്ന ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ന്യൂസിലാന്‍ഡിന്റെ വനിതാ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വിവാദമായി. ഒരു വനിതാ പ്രധാനമന്ത്രിയുമായി എങ്ങിനെ അഭിമുഖം നടത്തരുത് എന്നതില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ചാള്‍സ് വൂളി മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്തു. 60 മിനിറ്റ്‌സ് എന്ന ഷോയിലാണ് വനിതാ പ്രധാനമന്ത്രിയുടെ സൗന്ദര്യത്തെയും, പ്രസവത്തെയും കുറിച്ച് വരെ ഇദ്ദേഹം ചോദ്യം ചോദിച്ചുകളഞ്ഞത്.
37-ാം വയസ്സില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജസീന്ത ആര്‍ഡെനും, പങ്കാളിയും പങ്കെടുത്ത അഭിമുഖത്തിലായിരുന്നു വൂളിയുടെ അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍. ഒരു നൂറ്റാണ്ടിനിടെ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയ ആന്‍ഡെനോട് സ്‌നേഹപ്രകടനം കാണിക്കുന്ന തരത്തിലായിരുന്നു അഭിമുഖം. നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ചെറുപ്പമായ, ആകര്‍ഷണീയമായ ഒരാളെ കണ്ടിട്ടില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ അഭിപ്രായ പ്രകടനം.

ആര്‍ഡെന്റെ ഗര്‍ഭകാലത്തെക്കുറിച്ച് അറിയാനായിരുന്നു ചോദ്യകര്‍ത്താവിന് കൂടുതല്‍ താല്‍പര്യം. ഒരു പ്രധാന രാഷ്ട്രീയ ചോദ്യമെന്ന് പറഞ്ഞുകൊണ്ട് വൂളി ചോദിച്ചത് എന്നാണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെന്നാണ്. ആര്‍ഡെനും പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡിനെയും അമ്പരപ്പിച്ചെങ്കിലും മാന്യമായ മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഗര്‍ഭം ധരിച്ചത്, കൂടുതല്‍ വിവരങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ല, ആര്‍ഡെന്‍ വ്യക്തമാക്കി. ഗേഫോര്‍ഡ് വ്യക്തമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ജനുവരിയിലാണ് ആര്‍ഡെന്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചത്. ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ് ഓഫീസില്‍ ഇരിക്കവെ പ്രസവിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ആറ് ആഴ്ചത്തെ മറ്റേണിറ്റി ലീവ് കഴിഞ്ഞാല്‍ പ്രധാനമന്ത്രി കസേരയില്‍ ഇവര്‍ തിരികെയെത്തും. അഭിമുഖത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
വനിതാ പ്രധാനമന്ത്രിയോട് സെക്‌സിസ്റ്റ് ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഒരു പുരുഷനായിരുന്നു നേതാവെങ്കില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുമോയെന്നാണ് ജനങ്ങളുടെ ചോദ്യം. എന്തായാലും വൂളിക്ക് പുറമെ പരിപാടി സംപ്രക്ഷേപണം ചെയ്ത് ചാനലും നാണംകെട്ടു.












Click it and Unblock the Notifications