വാഹനപ്രേമികളുടെ നെഞ്ച് തകര്‍ക്കുന്ന കാഴ്ച; പോര്‍ഷെ, ലംബോര്‍ഗിനി കാറുകള്‍ വഹിച്ച കപ്പലിന് തീപിടിച്ചു
പേര്‍ഷെ , ഔഡി , ലംബോര്‍ഗിനി ഉള്‍പ്പടെ ആഡംബര വാഹനങ്ങള്‍ അടക്കം അയ്യായിരത്തോളം വാഹനങ്ങള്‍ കയറ്റിയ ചരക്കു കപ്പലിന് തീപിടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിന് സമീപമാണ് വാഹനപ്രേമികളുടെ നെഞ്ച് തകരുന്ന കാഴ്ച. ബുധനാഴ്ചയാണ് സംഭവം . കപ്പലിലെ 22 ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പോര്‍ച്ചുഗലിലെ അസോറസ് തീരത്താണ് കപ്പല്‍ ഇപ്പോഴുള്ളത് .

ഫെബ്രുവരി 10 ന് ജര്‍മ്മനിയിലെ എംഡനില്‍ നിന്ന് പുറപ്പെട്ട ഫെലിസിറ്റി ഏസ് എന്ന കപ്പല്‍ യുഎസിലെ റോഡ് ഐലന്‍ഡിലെ ഡേവിസ്വില്ലെയില്‍ എത്തേണ്ടതായിരുന്നു. പോര്‍ച്ചുഗീസ് ദ്വീപ് പ്രദേശമായ അസോറസിലെ ടെര്‍സീറ ദ്വീപില്‍ നിന്ന് 200 മൈല്‍ അകലെയിരിക്കെയാണ് കപ്പലിന്റെ കാര്‍ഗോ ഹോള്‍ഡില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ പോര്‍ച്ചുഗീസ് സേന ബുധനാഴ്ച ജീവനക്കാരെ ഒഴിപ്പിച്ചു.

ഒരു ഹെലികോപ്ടര്‍ ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തനം വളരെ വൈദഗ്ധ്യമുള്ളതും ശാരീരികമായി ബുദ്ധിമുട്ടുള്ളതുമായ ഒന്നായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ ജീവനക്കാരെ അടുത്തുള്ള പോര്‍ച്ചുഗീസ് ദ്വീപായ ഫയലിലേക്ക് കൊണ്ടുപോയി. 650 അടി, 60,000 ടണ്‍ ഭാരമുള്ള ചരക്ക് കപ്പലിന്റെ സാധനങ്ങള്‍ തീപിടിത്തത്തില്‍ എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് ഇതുവരെ വ്യക്തമല്ല. ഷിപ്പിംഗ് കമ്പനി അധികൃതര്‍ക്ക് സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല.

ഓട്ടോമോട്ടീവ് വെബ്സൈറ്റായ 'ദി ഡ്രൈവ്' പറയുന്നത് അനുസരിച്ച്, 189 ബെന്റ്ലികള്‍ ഉള്‍പ്പെടെ ഏകദേശം 4,000 വാഹനങ്ങള്‍ കപ്പലിലുണ്ടായിരുന്നതായി ഫോക്സ്വാഗണ്‍ ഗ്രൂപ്പ് കണക്കാക്കുന്നു. കപ്പലില്‍ തങ്ങളുടെ 1100 കാറുകള്‍ ഉണ്ടെന്ന് പോര്‍ഷെ സ്ഥിരീകരിച്ചു. കമ്പനിയുടെ 1,100 കാറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ വാഹനങ്ങളുടെ അറിയില്ലെന്ന് പോര്‍ഷെ കാര്‍സ് നോര്‍ത്ത് അമേരിക്കയുടെ വക്താവ് വ്യാഴാഴ്ച വൈകുന്നേരം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. കാറുകളെ കുറിച്ച് ആശങ്കപ്പെടുന്ന ഉപഭോക്താക്കളെ അതത് ഡീലര്‍മാരുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു.

ഫെലിസിറ്റി എയ്സ് എന്ന വ്യാപാരക്കപ്പലിലെ 22 ജീവനക്കാരും സുരക്ഷിതരും സുഖമായിരിക്കുന്നു എന്നത് ആശ്വാസകരമാണെന്ന് കമ്പനി അറിയിച്ചു. ആദ്യമായല്ല ആഡംബര വാഹനങ്ങളടങ്ങിയ കപ്പലിന് തീപിടിക്കുന്നത്. 2019ല്‍ ഗ്രാന്‍ഡെ അമേരിക്കയില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഔഡി, പോര്‍ഷെ തുടങ്ങിയ 2000 ത്തോളം ആഡംബര വാഹനങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.


Click it and Unblock the Notifications