ഇന്ത്യയില്‍ നിന്നും ഗള്‍ഫ് വഴി യൂറോപ്പിലേക്ക് കപ്പല്‍ റെയില്‍പ്പാത: നിർണ്ണായക നീക്കവുമായി സൗദി
റിയാദ്: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (ഐ എം ഇ സി) തത്വങ്ങൾ സംബന്ധിച്ച ധാരണാപത്രത്തിന് (എംഒയു) അംഗീകാരം നല്‍കി സൗദി അറേബ്യയുടെ കിംഗ്ഡം ഓഫ് മിനിസ്റ്റേഴ്‌സ് കൗൺസിൽ. കഴിഞ്ഞ ദിവസം സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നേതൃത്വത്തിൽ റിയാദിൽ നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചതെന്നാണ് സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിലായിരുന്നു ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് (യു എസ്), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവ ഐ എം ഇ സി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഏഷ്യ, പശ്ചിമേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവ തമ്മിലുള്ള ബന്ധവും സംയോജനവും വർധിപ്പിച്ച് സാമ്പത്തിക വികസനം ഉയർത്തുകയാണ് ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴി, പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴി എന്നിങ്ങനെ രണ്ട് പ്രധാന മേഖലകളായിട്ടാണ് പദ്ധതി.
തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യ, പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റ് യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ട്രാൻസ്ഷിപ്പ്മെന്റിന് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ക്രോസ്-ബോർഡർ ഷിപ്പ്-ടു-റെയിൽ ട്രാൻസിറ്റ് നെറ്റ്‌വർക്കുകൾ വഴിയാണ് പദ്ധതി പൂർത്തീകരിക്കുക.
അതേസമയം, ആഗോള സംവിധാനത്തിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അറബ് ലീഗ് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ സൗദി അറേബ്യൻ പ്രതിനിധി സലേഹ് ഈദ് എച്ച് അൽ ഹുസൈനി ചൊവ്വാഴ്ച പറഞ്ഞു.ഡൽഹിയിലെ പലസ്തീൻ എംബസിയിൽ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് 'പലസ്തീൻ ജനതയുമായുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര ദിനം' പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദിൽ നടന്ന ഒരു അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ നിരവധി പ്രമേയങ്ങളുണ്ടെന്നും അൽ ഹുസൈനി പറഞ്ഞു. സമാധാനത്തിന്റെയും വെടിനിർത്തലിന്റെയും ആവശ്യകത വിശദീകരിക്കാൻ എല്ലാ പ്രധാന രാജ്യ തലസ്ഥാനങ്ങളിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ ഒരു പ്രതിനിധി സംഘത്തെ ഉച്ചകോടി രൂപീകരിച്ചു. വെടിനിർത്തലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അതിനർത്ഥം കൂടുതൽ കൊലപാതകങ്ങൾ എന്നാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications