സുഡാനില്‍ അട്ടിമറിക്കെതിരെ പ്രതിഷേധം; മരണം 14 ആയി, പ്രതികരണവുമായി സൈന്യം
ഖാര്‍ത്തൂം: സൈനിക അട്ടിമറിക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക്. പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജനങ്ങളെ അടിമര്‍ത്തുകയാണ് സൈന്യം. വരാനിരിക്കുന്ന പുതിയ സര്‍ക്കാരില്‍ താന്‍ പങ്കാളിയാവില്ലെന്ന് സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ അറിയിച്ചു. പ്രതിഷേധക്കാരുടെ മരണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 25ന് സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. 14 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുഡാന്‍ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
ഖാര്‍ത്തൂമിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് നിരവധി അധ്യാപകര്‍ സൈന്യത്തിനെതിരെ അണിനിരന്നു. രാജ്യത്തിന്റെ പല നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സൈന്യമല്ല എന്നാണ് സേനാ മേധാവിയുടെ വാദം. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് സേനാ മേധാവി പറയുന്നത്. എന്നാല്‍ ഈ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിക്കുന്നു.

ഇത് സുഡാനി ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഞങ്ങള്‍ ചെയ്ത പ്രതിജ്ഞയാണ്. ജനാധിപത്യ പരിവര്‍ത്തനം പൂര്‍ത്തിയാക്കാനും കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനും പ്രതിജ്ഞാബദ്ധരാണ്. ഭരണം നടത്താന്‍ ശേഷിയുള്ള സര്‍ക്കാരിന് അധികാരം കൈമാറും. അതിനെ തടസ്സപ്പെടുത്തുന്ന ഏതൊരു ഇടപെടലും തടയും. പ്രതിഷേധക്കാരുടെ മരണത്തിന് സൈന്യത്തിന് ഉത്തരവാദിത്തമില്ല. സുഡാനീസ് സൈന്യം പൗരന്മാരെ കൊല്ലുന്നില്ല, എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ പറഞ്ഞു.
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍
രാജ്യ വ്യാപകമായി പ്രതിഷേധ റാലികള്‍ തുടരുന്നതിനിടെയാണ് സേനാ മേധാവിയുടെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത് പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണെന്ന് സമരക്കാര്‍ കരുതുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി സമവായത്തിലെത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് ഉള്‍പ്പെടെയുള്ള വ്യക്തികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബുര്‍ഹാന്‍ പറഞ്ഞു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൈനിക അട്ടിമറിക്ക് കൂട്ടുനില്‍ക്കില്ല, അട്ടിമറിയെ ജനങ്ങള്‍ തള്ളുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രതിഷേധക്കാര്‍ തെരുവില്‍ തുടരുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും രഹസ്യ നീക്കമാണ് സുഡാനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications