കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലേക്ക് നാറ്റോ സൈന്യം വരുന്നു? അമേരിക്ക ശക്തമായ ആക്രമണത്തിന്; റഷ്യ മാറി നില്‍ക്കണം

ഇറ്റലിയിലെ ലുക്കയില്‍ ജി7 രാജ്യങ്ങളുടെ സമ്മേളനം നടക്കുകയാണ്. ഇവര്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സിറിയന്‍ വിഷയമാണ്.

  • By Ashif
Google Oneindia Malayalam News

റോം: സിറിയയില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നു പുറത്താക്കുംവരെ ആക്രമണം തുടരുമെന്ന സൂചനകളാണ് അമേരിക്ക നല്‍കുന്നത്. അസദിനെ സഹായിക്കുന്ന നടപടിയില്‍ നിന്നു റഷ്യയെ പിന്തിരിപ്പിക്കാനും നീക്കം ശക്തമാണ്.

സാധാരണക്കാരെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിറിയയില്‍ അമേരിക്ക കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുന്നത്. ഇക്കാര്യം റഷ്യയെ അമേരിക്ക അറിയിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉടന്‍ മോസ്‌കോയിലെത്തും. അദ്ദേഹമിപ്പോള്‍ ഇറ്റലിയില്‍ ജി7 രാജ്യങ്ങളുടെ സമ്മേളനത്തിലാണ്.

അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണം

കഴിഞ്ഞാഴ്ച അമേരിക്കന്‍ സൈന്യം സിറിയയിലെ ശൈറാത്ത് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. 59 ക്രൂയിസ് മിസൈലുകളാണ് വ്യോമതാവളത്തില്‍ പതിച്ചത്. ഈ താവളം ഉപയോഗിച്ച് വിമതര്‍ക്ക് സ്വാധീനമുള്ള ഖാന്‍ ശൈഖൂനില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തിരിച്ചടിക്കുമെന്ന് ഇറാനും റഷ്യയും

എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത് റഷ്യയും ഇറാനുമായിരുന്നു. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് മുമ്പില്‍ അമേരിക്ക ഭയക്കില്ലെന്നാണ് ടില്ലേഴ്‌സണ്‍ പറയുന്നത്.

ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപോലെ

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞതുപോലെ കൂടുതല്‍ ആക്രമണം സിറിയയില്‍ നടത്താനാണ് പദ്ധതിയെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. സാധാരണക്കാരെ കൊല്ലുമ്പോള്‍ അമേരിക്കക്ക് നോക്കി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ സെക്രട്ടറി പറയുന്നത്

സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ക്രൂരത അവസാനിപ്പിച്ച്, ഐസിസിനെതിരേ പോരാട്ടം ശക്തമാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. സരിന്‍ ബോംബാണ് സിറിയന്‍ സൈന്യം സാധാരണക്കാര്‍ക്കെതിരേ ഉപയോഗിച്ചതെന്നാണ് അമേരിക്ക പറയുന്നത്. ബാരല്‍ ബോംബും വര്‍ഷിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സിറിയ നിഷേധിച്ചിരുന്നു.

അമേരിക്കന്‍ ആക്രമണത്തിന് തടസം നില്‍ക്കരുത്

ഇറ്റലിയിലെ ലുക്കയില്‍ ജി7 രാജ്യങ്ങളുടെ സമ്മേളനം നടക്കുകയാണ്. ഇവര്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സിറിയന്‍ വിഷയമാണ്. സിറിയയില്‍ റഷ്യ ഇടപെടുന്നത് ഒഴിവാക്കണമെന്നും അമേരിക്കന്‍ ആക്രമണത്തിന് തടസം നില്‍ക്കരുതെന്നും ജി7 രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സിറിയക്കും റഷ്യക്കുമെതിരേ ഉപരോധം

റഷ്യന്‍ സന്ദര്‍ശനം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയതും റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. സിറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ചുമത്താനാണ് ജി 7 രാജ്യങ്ങളുടെ നീക്കം. അവരെ സഹായിക്കുന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉപരോധം പ്രഖ്യാപിച്ചേക്കും.

റഷ്യയ്ക്ക് മുമ്പിലുള്ള വഴികള്‍

അമേരിക്ക റഷ്യക്ക് മുമ്പില്‍ രണ്ടു വഴികളാണ് കാണിക്കുന്നത്. ഒന്നുകില്‍ സിറിയന്‍ ബന്ധം ഒഴിവാക്കുക. അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഒഴിവാക്കാന്‍ തയ്യാറാവുക. സിറിയയുമായി കൂട്ടുചേരുന്നത് തുടരുകയാണെങ്കില്‍ 2011ല്‍ ലിബിയന്‍ നേതാവ് ഗദ്ദാഫിക്ക് സംഭവിച്ച പോലെയുള്ള അനുഭവമായിരിക്കുമെന്ന് ജി7 യോഗത്തില്‍ അമേരിക്ക വ്യക്തമാക്കി.

ലിബിയയില്‍ സംഭവിച്ചത്

ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയെ വിമതര്‍ പിടികൂടി വധിക്കുകയായിരുന്നു. നാറ്റോ സൈന്യത്തിന്റെ വ്യോമാക്രമണ പിന്തുണയോടെയായിരുന്നു ലിബിയയിലെ വിമതര്‍ മുന്നേറിയത്. ഒടുവില്‍ ഗദ്ദാഫിയെ പിടികൂടി വധിച്ചു. ഇപ്പോള്‍ ആ രാജ്യം പൂര്‍ണമായും നശിച്ച കാഴ്ചയാണുള്ളത്. സമാനമായ രീതിയില്‍ സിറിയയിലേക്കും നാറ്റോ സൈന്യത്തെ അയക്കാനാണ് അമേരിക്കന്‍ നീക്കം. ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജി 7 യോഗത്തില്‍ നടക്കും.

റഷ്യയും ഇറാനും പറയുന്നത്

അതേസമയം, അമരിക്കക്കെതിരേ ശക്തമായ പടയൊരുക്കം നടത്താന്‍ ഒരുങ്ങുകയാണ് റഷ്യയും ഇറാനും കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുകൂലികളാണ്. സിറിയയില്‍ അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് റഷ്യയുടെയും ഇറാന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം റഷ്യ തങ്ങളുടെ യുദ്ധക്കപ്പല്‍ മധ്യധരണ്യാഴിയിലേക്ക് അയച്ചിരുന്നു. ഇപ്പോള്‍ ആറ് യുദ്ധക്കപ്പലുകളാണ് റഷ്യ മേഖലയില്‍ സജ്ജമാക്കിയിട്ടുള്ളത്.

തിരിച്ചടിക്കാന്‍ ഇറാന്റെയും നീക്കം

സിറിയയുടെ അയല്‍ രാജ്യമായ ഇറാനും റഷ്യക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കാനാണ് ഇറാന്റെയും നീക്കം. ഇറാനെ അനുകൂലിക്കുന്ന ലബ്നാനിലെ ശിയാ വിഭാഗമായ ഹിസ്ബുല്ലയും അമേരിക്കന്‍ വിരുദ്ധരാണ്. സിറിയയില്‍ പരിധി ലംഘിച്ചാല്‍ ശക്തമായ സൈനിക തിരിച്ചടിയുണ്ടാവുമെന്ന് റഷ്യയും ഇറാനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കക്ക് തങ്ങളുടെ ശക്തിയെ പറ്റി നന്നായറിയുന്നതാണ്. ശക്തമായ തിരിച്ചടി ഇനി പ്രതീക്ഷിക്കാമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

അന്വേഷണം വേണമെന്ന് ആവശ്യം

രാസായുധ ആക്രമണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണം നടത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ആവശ്യപ്പെട്ടു. രാസായുധം നശിപ്പിക്കാന്‍ 2013ലുണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു.

English summary
The Trump administration on Monday signalled much broader grounds for future military intervention in Syria, suggesting it might retaliate against the Assad regime for barrel bomb attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X