സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടു; രക്ഷപ്പെട്ട പൈലറ്റിനെ വെടിവച്ചുകൊന്നു

  • Posted By: Desk
Subscribe to Oneindia Malayalam

ഇദ്‌ലിബ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടു. എടുത്ത് നടക്കാവുന്ന വ്യോമപ്രതിരോധ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിമാനം ആക്രമിക്കപ്പെട്ടയുടന്‍ പൈലറ്റ് ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തെ ജീവനോടെ പിടികൂടാനുള്ള ശ്രമം ചെറുക്കുന്നതിനിടെ വിമതരുടെ വെടിയേറ്റ് മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുഖോയ് 25 യുദ്ധവിമാനമാണ് ആക്രമണത്തിനിരയായത്. ജബ്ഹത്തുന്നുസ്‌റ വിമതരുടെ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്.

സ്‌കൂള്‍ ബസ്സില്‍ സുരക്ഷാ ക്യാമറയില്ല; അബുദാബി സ്‌കൂളിന് കിട്ടിയത് ഒരു ലക്ഷം ദിര്‍ഹം പിഴ

തഹ്‌രീര്‍ അശ്ശാം എന്ന പേരിലറിയപ്പെടുന്ന വിമത സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു. അല്‍ഖാഇദയുടെ വകഭേദമായ അല്‍ നുസ്‌റ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിമതപോരാളികളാണിത്. ആക്രമണത്തിനിരയായ വിമാനത്തിന്റെ പൈലറ്റെന്ന് കരുതുന്ന മൃതദേഹം വിമതര്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കത്തിയെരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം വിമതപോരാളികള്‍ കാവല്‍ നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

sukoi

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ മേഖലയില്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. വ്യോമാക്രമണത്തില്‍ 30ലേറെ വിമതര്‍ കൊല്ലപ്പെട്ടതായും വക്താവ് അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെട്ട പ്രദേശമാണെങ്കിലും ഇദ്‌ലിബ് പ്രവിശ്യയില്‍ ഇരുവിഭാഗവും ആക്രമണങ്ങള്‍ തുടര്‍ന്നുവരികയായിരുന്നു. റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസേവന കേന്ദ്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയന്‍ വിമതരുടെ അവസാനത്തെ പ്രധാനപ്പെട്ട ശ്ക്തികേന്ദ്രങ്ങളിലൊന്നാണ് ഇദ്‌ലിബ്. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ അധികൃതര്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഇവിടെയുള്ളവര്‍ അവശ്യസാധനങ്ങള്‍ പോലും കിട്ടാതെ കഷ്ടപ്പെടുകയാണെന്ന് അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
syrian rebels kill russian pilot

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്