അഫ്ഗാനില്‍ തന്ത്രം മാറ്റി താലിബാന്‍; ഇരു ശക്തികളും യുദ്ധമുഖത്ത്, 3 ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചു
കാബൂള്‍: അഫ്ഗാന്റെ ഭരണം പിടിച്ചെങ്കിലും താലിബാന് കാര്യങ്ങള്‍ എളുപ്പമല്ല എന്ന് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരെ എന്തുവില കൊടുത്തും പോരാടുമെന്ന് പ്രഖ്യാപിച്ച് പഞ്ചഷിഷിറിലെ വടക്കന്‍ സഖ്യം നിലയുറപ്പിച്ചു. ഇവരെ നേരിടാന്‍ താലിബാന്റെ സായുധ സംഘം വടക്കന്‍ മേഖലയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞാഴ്ച വടക്കന്‍ സഖ്യം പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചു.
ഇപ്പോള്‍ താലിബാന്റെയും വടക്കന്‍ സഖ്യത്തിന്റെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നു എന്നാണ് അഫ്ഗാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് പുതിയ തന്ത്രവുമായി താലിബാന്‍ രംഗത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പഞ്ചഷിര്‍ വാലിക്ക് തൊട്ടടുത്തെത്തിയിരിക്കുകയാണ് താലിബാന്‍ സേന എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ചാണ് ഇവര്‍ ഇവിടെ എത്തിയിരിക്കുന്നത്. ഇരുവരും മുഖാമുഖം യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്നു എങ്കിലും യുദ്ധം തുടങ്ങിയതായി റിപ്പോര്‍ട്ടില്ല. രണ്ടു വഴികളാണ് താലിബാന്‍ ആലോചിക്കുന്നതത്രെ. ഒന്ന് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ്. അല്ലെങ്കില്‍ ഉപരോധം പ്രഖ്യാപിച്ചേക്കും.

വടക്കന്‍ പ്രവിശ്യയായ ബഗ്ലാനിലെ മൂന്ന് ജില്ലകളാണ് താലിബാന്‍ തിരിച്ചുപിടിച്ചത്. ബാനു, ദെഹ് സാലിഹ്, പുലെ ഹിസാര്‍ എന്നീ ജില്ലകളാണ് നിയന്ത്രണത്തിലാക്കിയത്. എന്നാല്‍ വടക്കന്‍ സഖ്യത്തെ പരാജയപ്പെടുത്തുക, കീഴ്‌പ്പെടുത്തുക എന്നത് അത്ര വേഗം സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിന്റെ ചരിത്രമുള്ളവരാണ് ഈ പ്രദേശത്തുകാര്‍.

ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനായ കാബൂള്‍ പിടിച്ചടക്കിയത്. അതിന് ശേഷം താലിബാനെതിരെ സായുധമായി രംഗത്തുവന്ന ഏക വിഭാഗം വടക്കന്‍ സഖ്യമാണ്. മുമ്പ് സോവിയറ്റ് യൂണിയനെയും താലിബാനെയും വിറപ്പിച്ച ചരിത്രമുണ്ട് വടക്കന്‍ സഖ്യത്തിന്. അതുകൊണ്ടുതന്നെ ഇവരുമായി യുദ്ധം ഒഴിവാക്കാന്‍ സാധിക്കുമോ എന്ന് താലിബാന്‍ ആലോചിക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

അഹമ്മദ് മസൂദിന്റെ നേതൃത്വം അംഗീകരിക്കുന്നവരാണ് വടക്കന്‍ സഖ്യം. അഫ്ഗാന്‍ സൈനികരില്‍ ചിലര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. കൂടാതെ പഞ്ചഷിര്‍ വാലിയിലെ ജനങ്ങളും ഇവര്‍ക്കൊപ്പമാണ്. മേഖലയിലെ പ്രമുഖനായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ്. അഹമ്മദ് ഷായെ 2001ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിലെത്തുന്നതിന് തൊട്ടുമുമ്പ് കൊലപ്പെടുത്തുകയായിരുന്നു.

അഹമ്മദ് ഷായുടെ കൊലപാതകത്തിന് പിന്നില്‍ താലിബാനാണ് എന്നാണ് കരുതുന്നത്. താലിബാന്‍ സഹായത്തോടെ അല്‍ഖാഇദ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ താലിബാനുമായി കടുത്ത എതിര്‍പ്പുള്ളവരാണ് വടക്കന്‍ സഖ്യം. ഇവര്‍ക്ക് റഷ്യയുടെ പിന്തുണയുണ്ട്. അമേരിക്കയോട് ആയുധങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

താലിബാന് സൈന്യം പഞ്ചഷിര്‍ താഴ്‌വരയില്‍ കടന്നാല്‍ ആക്രമിക്കുമെന്ന് വടക്കന്‍ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ സേന വാലിക്ക് തൊട്ടടുത്തെത്തി. ഇനിയെന്ത് സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. താലിബാന്‍ സേനയുടെ ഒരു വിഭാഗമാണ് വാലിയിലേക്ക് തിരിച്ചിട്ടുള്ളത്. അതേസമയം, കാബൂളില്‍ സര്‍ക്കാര്‍ രൂപീകരണം, ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ ചര്‍ച്ചകളിലാണ് താലിബാന്റെ നേതാക്കള്‍.

തെക്കന്‍ അഫ്ഗാനെയും വടക്കന്‍ അഫ്ഗാനെയും ബന്ധപ്പിക്കുന്ന ഹൈവേയാണ് സലാങ് പാസ്. ഇതിലൂടെ യാത്രകള്‍ സാധിച്ചിരുന്നു. എന്നാല്‍ പഞ്ചഷിര്‍ വാലിയില്‍ വടക്കന്‍ സൈന്യം റോഡ് തടഞ്ഞിരിക്കുകയാണ്. ഇവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയാണ് താലിബാന്‍ എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. സമാധാനപരമായ പരിഹാരമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറയുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധം നടന്നേക്കും.












Click it and Unblock the Notifications