അര്‍ധരാത്രി അഫ്ഗാനില്‍ അട്ടിമറി; സൈന്യം അയല്‍രാജ്യത്ത് അഭയം തേടി, മൂന്നിലൊന്നും പിടിച്ച് താലിബാന്‍
കാബൂള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് സമ്പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ താലിബാന്‍ നിയന്ത്രണം ശക്തമാക്കുന്നു. കൂടുതല്‍ ജില്ലകള്‍ താലിബാന്‍ കീഴിലായി. പലയിടത്തും യാതൊരു സംഘര്‍ഷവുമില്ലാതെയാണ് ജില്ലകളുടെ നിയന്ത്രണം താലിബാന്‍ പിടിക്കുന്നത്. താലിബാന്റെ വരവ് മുന്‍കൂട്ടി കണ്ട സുരക്ഷാ സൈനികര്‍ പിന്‍മാറുകയാണ്. ഇതോടെയാണ് സംഘര്‍ഷമില്ലാതെ താലിബാന് മുന്നേറ്റം സാധ്യമാക്കുന്നത്.
Recommended Video
അതേസമയം, അഫ്ഗാനിലെ നിരവധി സൈനികര്‍ താലിബാന്റെ വരവ് ഭയന്ന് അയല്‍രാജ്യമായ താജിക്കിസ്താനില്‍ അഭയം തേടി. അയല്‍രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അഫ്ഗാനില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

വടക്കന്‍ അഫ്ഗാനില്‍ നിന്നാണ് താലിബാന്‍ സൈന്യം മുന്നേറ്റം തുടങ്ങിയിരിക്കുന്നത്. ഇവര്‍ കടന്ന ജില്ലകളിലെ സുരക്ഷാ സൈനികര്‍ ഒഴിഞ്ഞുപോകുകയാണ്. ചില ജില്ലകളില്‍ വിന്യസിച്ചിരുന്ന സൈനികര്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ താജിക്കിസ്താനില്‍ അഭയം തേടി. മാനുഷിക പരിഗണന നല്‍കിയാണ് അഭയം കൊടുത്തതെന്ന് താജിക്കിസ്താന്‍ അറിയിച്ചു.

300ലധികം അഫ്ഗാന്‍ സൈനികരാണ് കഴിഞ്ഞ രാത്രി താജിക്കിസ്താനില്‍ അഭയം തേടിയത്. ബദഖ്ഷാന്‍ പ്രവിശ്യയിലെ അതിര്‍ത്തി മേഖല വരെ താലിബാന്‍ പിടിച്ചു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നത് സംബന്ധിച്ച് ഏപ്രിലിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തിയത്. അന്ന് മുതലേ താലിബാന്‍ സൈന്യം അഫ്ഗാനിലെ ഓരോ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി വരികയാണ്.

വടക്കന്‍ അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ പ്രഭുക്കന്‍മാരുണ്ട്. ഇവരാണ് താലിബാനിലെതിരെ 2001ല്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ചത്. 1996 മുതല്‍ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ അമേരിക്കന്‍ അധിനിവേശത്തോടെ ഭരണത്തില്‍ നിന്ന് പുറത്താകുകയായിരുന്നു. 20 വര്‍ഷമാകുമ്പോള്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുകയും താലിബാന്‍ വീണ്ടും എത്തുന്നതുമാണ് കാഴ്ച.

421 ജില്ലകളും ജില്ലാ കേന്ദ്രങ്ങളുമാണ് അഫ്ഗാനിലുള്ളത്. ഇതില്‍ മൂന്നിലൊന്നും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 ജില്ലകളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. ഇതില്‍ എട്ടിലും അവര്‍ക്ക് യാതൊരു തടസവും നേരിട്ടില്ല. രണ്ടിടത്ത് മാത്രം സൈന്യത്തിന്റെ നേരിയ പ്രതിരോധമുണ്ടായി എന്ന് ബദഖ്ഷാന്‍ പ്രവിശ്യാ കൗണ്‍സില്‍ അംഗം മുഹിബ്ബുല്‍ റഹ്മാന്‍ പറഞ്ഞു.

അഫ്ഗാനില്‍ സൈനികര്‍ വേഗത്തില്‍ പിന്‍മാറുന്നതാണ് നിലവിലെ കാഴ്ച. ഇവര്‍ക്ക് മതിയായ ആയുധങ്ങളോ വെടിക്കോപ്പുകളോ ഇല്ലാത്തതാണ് പ്രതിസന്ധി എന്ന് മുഹിബ്ബുല്‍ റഹ്മാന്‍ പറയുന്നു. അതുകൊണ്ടാണ് താലിബാന്‍ സൈന്യത്തിന് സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിരോധമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി അഫ്ഗാന്‍ സൈനികരും പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും താലിബാന് മുമ്പില്‍ കീഴടങ്ങി. ബദഖ്ഷാന്‍ തലസ്ഥാനമായ ഫൈസാബാദിലായിരുന്നു കീഴടങ്ങല്‍. അതേസമയം, ചില ഉന്നത ഉദ്യോഗസ്ഥര്‍ കാബൂളിലേക്ക് പോയി. ഫൈസാബാദ് തീര്‍ത്തും താലിബാന് കീഴിലാകുന്നു എന്നാണ് വ്യക്തമാകുന്നത്.

സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിലെ പ്രദേശങ്ങളാണ് താലിബാന്‍ ആദ്യം നിയന്ത്രണത്തിലാക്കുന്നത്. ഉസ്‌ബെക്കിസ്താനോട് ചേര്‍ന്ന കുന്തുസ് പ്രവിശ്യയിലെ ഇമാം സാഹിബ് നഗരം പിടിച്ചത് കഴിഞ്ഞ ദിവസമാണ്. അഫ്ഗാന്റെ പ്രധാന ചരക്ക് പാത ഇതോടെ താലിബാന്റെ നിയന്ത്രണത്തിലായി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications