ട്രംപിനെ വകവരുത്താന്‍ കൗമാരക്കാരന്റെ പദ്ധതി; പണത്തിനായി മാതാപിതാക്കളെ കൊന്നതോടെ പിടിയിലായി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീവ്ര ഡെമോക്രാറ്റിക് അനുഭാവികള്‍ അടക്കം നിരവധി പേരുടെ നോട്ടപ്പുള്ളിയാണ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തെ ട്രംപ് അത്ഭുതകരമായി അതിജീവിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ, പ്രസിഡന്റ് പദവിയിലെത്തിയ ട്രംപിനെ വധിക്കാന്‍ ഒരു പതിനേഴുകാരന്‍ നടത്തിയ ഗൂഡാലോചനയാണ് ചുരുളഴിയുന്നത്. ട്രംപിനെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തിയതോടെ കൗമാരക്കാരന്‍ പിടിയിലായി. ഫെബ്രുവരിയില്‍ നടന്ന സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെട്ടത്.

പതിനേഴുകാരനായ നികിത കാസപ് എന്ന കൗമാരക്കാരനാണ് പ്രസിഡന്റിനെ വധിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. പദ്ധതികള്‍ക്കായി പണമുണ്ടാക്കാന്‍ ഇയാള്‍ അമ്മയെയും രണ്ടാനച്ഛനെയും വെടിവെച്ച് കൊലപ്പെടുത്തി. കാസപ്പിനെതിരെ ഒമ്പത് കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതില്‍ രണ്ട് കൊലപാതക കുറ്റങ്ങളും മൃതദേഹം ഒളിപ്പിച്ച കുറ്റങ്ങളും ഉള്‍പ്പെടും. അതിനൊപ്പമാണ് പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തിയത്.
ഫെബ്രുവരി 11 നാണ് കൗമാരക്കാരന്‍ മാതാപിതാക്കളെ കൊലപ്പെടുത്തുന്നത്. കാസപ്പിന്റെ അമ്മ ടാറ്റിയാന കാസപ്പിനെയും രണ്ടാനച്ഛന്‍ ഡൊണാള്‍ഡ് മെയറെയും വെടിയേറ്റ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയായി കുട്ടി സ്‌കൂളില്‍ പോകാത്തതിനെ തുടര്‍ന്ന് അധികൃതര്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഴ്ചകളോളം അഴുകിയ മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ച ശേഷം 14,000 ഡോളറും പാസ്പോര്‍ട്ടുകളും വളര്‍ത്തു നായയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം കന്‍സാസില്‍ വെച്ചാണ് 17കാരനെ അറസ്റ്റ് ചെയ്തത്.
രണ്ടാനച്ഛന്റെ എസ്യുവി മോഷ്ടിച്ചതിനും തോക്ക് കൈവശം വച്ചതിനുമാണ് കാസപ്പിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്രംപിനെ വധിക്കാനുള്ള പ്രതിയുടെ പദ്ധതി വെളിപ്പെട്ടത്.
കാസപ്പ് തന്റെ പദ്ധതികള്‍ക്കായി ഡ്രോണും സ്‌ഫോടക വസ്തുക്കളും വാങ്ങിയതായും റഷ്യന്‍ പ്രഭാഷകന്‍ ഉള്‍പ്പെടെയുള്ളവരുമായി തന്റെ പദ്ധതികള്‍ പങ്കുവെച്ചതായും ഫെഡറല്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്. ഹിറ്റ്‌ലറെ പ്രശംസിക്കുന്ന മൂന്ന് പേജുള്ള കുറിപ്പും കണ്ടെടുത്തു. പ്രതിയെ മെയ് ഏഴിന് കോടതിയില്‍ ഹാജരാക്കും.
ജൂലൈ 13 ന് പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിനു നേരെ ഒരാള്‍ വെടിയുതിര്‍ത്തത്. ട്രംപിന്റെ ചെവിക്കാണ് അന്ന് പരിക്കേറ്റത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 15 ന് ഫ്ളോറിഡയിലെ ഗോള്‍ഫ് കോഴ്‌സില്‍ വച്ചും ട്രംപിനെ വധിക്കാന്‍ ശ്രമമുണ്ടായി. ട്രംപിനെ വകവരുത്താന്‍ ശ്രമിക്കുന്നതായി ഇറാനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications