ചൈനയിൽ റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റിയൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; ആളപായമില്ല
ചോങ്‌കിംഗ്: ചൈനയിലെ ചോങ്‌കിംഗ് ജിയാങ്ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എയർലൈൻ അറിയിച്ചു. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി ചോങ്‌കിംഗിൽ നിന്ന് ടിബറ്റിലെ നൈൻചിയിലേക്ക് പോകുന്ന വിമാനത്തിനാണ് തീപിടിച്ചത്. അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി വെച്ചത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു.
തീ പടർന്നു പിടിക്കുന്നത് കണ്ട ഉടനെ യാത്രക്കാരെ എല്ലവരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. തുടർന്ന് തീ ആണക്കാനുള്ള ശ്രമങ്ങൾ നടന്നു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ടിബറ്റ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. നാൽപതോളം യാത്രക്കാർക്ക് നിസാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു. അപകടത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വെച്ചിരുന്ന എയർപോർട്ടിന്റെ പ്രവർത്തനം പിന്നീട് സാധാരണ നിലയിലായി. അപകടകാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
തീ പിടിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ ഒരു ചിറകിന്റെ വശത്ത് നിന്ന് തീ കത്തുന്നതും കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. ജല പീരങ്കി ഉപയോ ഗിച്ച് തീ അണക്കാൻ ശ്രമിക്കുന്ന വേറെ ഒരു ദൃശ്യവും ആളുകൾ ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്. നേരത്തെ മാർച്ചിൽ കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേൺ വിമാനം 29,000 അടി ഉയരത്തിൽ നിന്ന് മലഞ്ചെരുവിലേക്ക് മറിഞ്ഞിരുന്നു. ഈ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചിരുന്നു. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നായിരുന്നു ഇത്.
ഇതിന് പിന്നാലെയാണ് ചൈനയിൽ മറ്റൊരു വിമാന അപകടം റിപ്പോർട്ട് ചെയ്യുന്നത്. അന്നത്തെ അപകടത്തിന്റെ കാരണം എന്താണെന്ന് ഇന്നും വ്യക്തമായിട്ടില്ല. വിമാനത്തിന്റെ നാവിഗേഷൻ, മോണിറ്ററിംഗ് ഉപകരണങ്ങളിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു. ഈ ഫ്ലൈറ്റിന് മുമ്പ് പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ഇവർ കൂട്ടിച്ചേർത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയും വിശകലനം ചെയ്തിരുന്നു. എന്നാൽ അപകടത്തിന് കാരണം എന്താണെന്ന് കണ്ടെത്താൻ ഇവർക്കും സാധിച്ചില്ല.