കൈകൾക്ക് വിറ, ശരീരശൈലിയിൽ മാറ്റം; പുടിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ടുകൾ
മോസ്കോ; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോ ഗ്യനിലയെക്കുറിച്ച് വിവിധ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ആരോ ഗ്യ വിദഗ്ധരും. പുടിൻ അടുത്തിടെ നടന്ന ഒരു ചർച്ചയിൽ പത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ശരീര ശൈലിയിൽ ധാരാളം മാറ്റങ്ങൾ കണ്ടെന്ന് നിരവധി ആരോഗ്യ വിദഗ്ധർ അവകാശപ്പെട്ടു. പുടിന്റെ കൈകൾക്ക് വിറകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇവർ ഇതിന് ഉദാഹരണമായി ചില വിഡീയോകളും പങ്ക് വെച്ചു. കൂടാതെ അദ്ദേഹത്തിന്റെ മുഖം സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയമായതായി തോന്നുന്നു എന്നും ഇവർ പറയുന്നു.
രാജ്യത്തെ ഒളിമ്പിക് അത്‌ലറ്റുകൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ റഷ്യൻ പ്രസിഡന്റ് വീർപ്പുമുട്ടുന്നതായി കാണപ്പെട്ടു എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി നടന്ന ഒരു ചർച്ചക്കിടെ പുടിന് തന്റെ ശരീരത്തിനെ താങ്ങാനായി മേശപ്പുറത്ത് മുറുകെ പിടിക്കുന്നത് കാണാം. ഇതിന് പുറമെ നെഞ്ചോട് ചേർത്ത് പിടിച്ച ഇദ്ദേഹത്തിന്റെ കൈകൾ വിറക്കുന്നു എന്നും ന്യൂസ് വീക്ക് ഒരു റിപ്പോർട്ടിൽ പറയുന്നു. ചലനത്തെ ബാധിക്കുന്ന നാഡീവ്യവസ്ഥയുടെ തകരാറായ പാർക്കിൻസൺസ് രോ ഗം പുടിന് ഉണ്ടെന്ന് ട്വിറ്ററിലെ പല ഉപയോക്താക്കളും അനുമാനിക്കുന്നുണ്ട്.
സിഡ്‌നിയിലെ ഒരു കോസ്‌മെറ്റിക് ഡോക്ടർ കഴിഞ്ഞ ദിവസം പുടിന്റെ രണ്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പുടിന്റെ നിലവിലെ ചിത്രവും കുറച്ചു കാലം മുമ്പുമുള്ള ചിത്രവും ഒന്നിച്ചാണ് പോസ്റ്റ് ചെയ്തത്. "പുടിൻ ഫില്ലർ ചെയ്തിരിക്കുന്നു. ഇപ്പോൾ പുടിനെ കാണാൻ പ്രായമായ കുഷിങ്കോയിഡ് പൂച്ചയെപ്പോലെ തോന്നുന്നു" എന്ന് ഇയാൾ ചിത്രത്തിന് അടിക്കുറിപ്പ് നൽകി. വർഷങ്ങളായി പ്രസിഡന്റ് പുടിൻ ബോട്ടോക്സ്, കവിൾ ഫില്ലറുകൾ, താടി, ഐ ലിഫ്റ്റ് എന്നിവ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾക്ക് വിധേയമായതായി നിരവധി കിംവദന്തികൾ ഉണ്ടായിരുന്നു. "കഠിനനായ വ്യക്തി" എന്ന പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും ഇതിന് തടസമാകുന്ന തന്റെ പ്രായത്തിനെ തടയുന്നതിനുമാണ് അദ്ദേഹം ഇത് ചെയ്തതെന്ന് എന്നാണ് വിദഗ്ധർ പറയുന്നത്.
അതേ സമയം റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പ്രതികരിക്കാനില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. "പുടിന്റെ ആരോഗ്യത്തെക്കുറിച്ച് ഇവിടെ നിന്ന് എന്തെങ്കിലും വിലയിരുത്തലോ പ്രത്യേക അഭിപ്രായമോ ഇല്ല" പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. യുക്രൈനുമായിട്ടുള്ള യുദ്ധം നടന്നു കൊണ്ടിരിക്കെയാണ് റഷ്യൻ പ്രസിഡന്റിനെ കുറിച്ച് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത് എന്നതാണ് ശ്രദ്ധേയം. മുൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൻ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും ചെയ്തു. 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. 2012 മേയ് 7 മുതൽ പുടിൻ വീണ്ടും പ്രസിഡണ്ട് സ്ഥാനത്ത് എത്തി.